തിരുവനന്തപുരം: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയും കഴിഞ്ഞതോടെ ജില്ലയിലെ മത്സര ചിത്രം വ്യക്തമായി. ജില്ലയിലാകെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത് 6,469 സ്ഥാനാർത്ഥികൾ. ആകെയുള്ള 1727 വാർഡുകളിലായാണ് ഇത്രയും പേർ മത്സരരംഗത്തുള്ളത്. എല്ലാത്തവണയും കടുത്ത മത്സരം നടക്കുന്ന ജില്ലയിൽ ഏവരും ഉറ്റുനോക്കുന്ന കോർപ്പറേഷനാണ് തിരുവനന്തപുരം നഗരസഭ. 100 വാർഡുകളിലേക്ക് നടക്കുന്ന മത്സരത്തിൽ വിജയസാദ്ധ്യത പ്രവചിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.
ഇത്തവണ നഗരസഭയിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ പുതുമുഖങ്ങളുണ്ട്, കോളേജ് വിദ്യാർത്ഥികളുണ്ട്. പക്ഷേ, ഇവർക്കിടയിലും പരിചയ സമ്പന്നരുടെ നീണ്ട ഒരു നിരയും അങ്കം കുറിക്കുന്നുണ്ട്. ഇനിയുമൊരു അങ്കത്തിന് തങ്ങൾക്ക് ബാല്യമുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് ഇവരുടേത്.
മുൻ ഡെപ്യൂട്ടി മേയറും സി.പി.ഐ നേതാവുമായ ഹാപ്പി കുമാറാണ് ഈ പരിചയസമ്പന്നരിൽ പ്രമുഖൻ. പി.ടി.പി നഗറിൽ നിന്ന് മത്സരിക്കുന്ന ഹാപ്പി കുമാറിന് നേരിടേണ്ടത് ബി.ജെ.പി മുൻ പാർലമെന്ററി പാർട്ടി നേതാവ് കൂടിയായ വി.ജി.ഹരികുമാറിനെയാണ്. മറ്റൊരു സി.പി.ഐ നേതാവും നിലവിലെ ഡെപ്യൂട്ടി മേയറുമായ രാഖി രവികുമാർ വഴുതക്കാട് വാർഡിൽ നേരിടുന്നത് യു.ഡി.എഫിലെ സുരേഷ് കുമാറിനെയാണ്. 2010ൽ സുരേഷ് കുമാർ ഇവിടെ നിന്ന് ജയിച്ചിരുന്നു. സുരേഷാകട്ടെ കൗൺസിലറായിരുന്ന സമയത്ത് ചർച്ചകളിൽ ഭരണപക്ഷത്തെ മുൾമുനയിൽ നിറുത്താൻ പോന്ന പ്രസംഗ പാടവമുള്ളയാളാണ്.
ജഗതി വാർഡ് പിടിച്ചെടുക്കാൻ എൽ.ഡി.എഫ് ഇത്തവണ നിയോഗിച്ചിരിക്കുന്നത് തൈക്കാട് വാർഡിലെ കൗൺസിലറും ഏറ്റവും പ്രായം കുറഞ്ഞ പോരാളിയുമായ വിദ്യ മോഹനെയാണ്. ബി.ജെ.പിയുടെ ഷീജ മധുവാണ് വിദ്യയുടെ എതിരാളി. കഴിഞ്ഞ അഞ്ച് വർഷം ഗീതയുടെ സാന്നിദ്ധ്യം ഇവിടെ പ്രകടമായിരുന്നില്ലെന്നാണ് വിദ്യ പറയുന്നത്. ഇത്തവണ ജഗതിയിലെ ജനങ്ങൾ തെറ്റു തിരുത്തുമെന്നും വിദ്യ പറയുന്നു.
പാങ്ങോട് മണ്ഡലത്തിൽ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. യു.ഡി.എഫിന് വേണ്ടി ജി.സുരേഷ് കുമാർ രംഗത്തിറങ്ങുമ്പോൾ എൽ.ഡി.എഫിന് വേണ്ടി ബിന്ദു ശ്രീകുമാറാണ് പോർക്കളത്തിലുള്ളത്. ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ള ഇവിടെ സിറ്രിംഗ് കൗൺസിലറായ മധുസൂദനൻ നായർ സീറ്റ് നിലനിറുത്താമെന്ന പ്രതീക്ഷയിലാണ്. 2015ൽ മേയർ സ്ഥാനാർത്ഥിയായിരുന്ന ജയൻ ബാബുവിനെ മധുസൂനൻ നായർ തോൽപിച്ചിരുന്നു. ബിന്ദു ശ്രീകുമാറും സുരേഷ് കുമാറും നേരത്തെ ശാസ്തമംഗലം വാർഡിൽ നിന്ന് ജയിച്ചവരാണ്. അതിനാൽ തന്നെ വളരെ ശക്തമായ ഒരു മത്സരമായിരിക്കും പാങ്ങോട് മൂന്ന് മുന്നണികളും കാഴ്ചവയ്ക്കുക.
നിലവിലെ പേട്ട കൗൺസിലറും യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡറുമായ ഡി. അനിൽകുമാർ ഇത്തവണ കടകംപള്ളി വാർഡിൽ നിന്നാണ് മത്സരിക്കുന്നത്. രണ്ട് തവണ കൗൺസിലറായിരുന്ന മുതിർന്ന അംഗം പി.കെ. ഗോപകുമാർ ആണ് ഇവിടെ സി.പി.എം സ്ഥാനാർത്ഥി. തങ്ങൾക്ക് ശക്തമായ സ്വാധീനമുള്ള വാർഡാണിതെന്ന് ഇരുവരും അവകാശപ്പെടുന്നു. ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത് മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറിയും സർക്കാരിനെതിരായ സമരങ്ങളിലെ മുന്നണിപ്പോരാളിയുമായ ജയ രാജീവിനെയാണ്.
തിരുമല സീറ്റ് നിലനിറുത്താനുള്ള ചുമതല ബി.ജെ.പി ഇത്തവണയും ഏൽപിച്ചിരിക്കുന്നത് അനിൽകുമാറിനെ തന്നെയാണ്. സീറ്റ് തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത് ആർ.പി. ശിവജിയെയും. നെടുങ്കാട് വാർഡിൽ സിറ്റിംഗ് കൗൺസിലറായ എസ്. പുഷ്‌പലതയെ നേരിടുന്നത് ബി.ജെ.പിയിലെ കരമന അജിത്താണ്. അടുത്തിടെയാണ് അജിത്ത് കൊവിഡ് രോഗത്തിൽ നിന്ന് മുക്തനായത്. രോഗബാധയെ തുടർന്ന് രണ്ടാഴ്ചയോളം അജിത്ത് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് വിട്ടുനിന്നിരുന്നു. ഫോർവേഡ് ബ്ളോക്ക് സ്ഥാനാർത്ഥിയാണ് ഇവിടെ യു.ഡി.എഫിന് വേണ്ടി മത്സരിക്കുന്നത്.
ആകെ 6,469 സ്ഥാനാർത്ഥികൾ
ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 26 ഡിവിഷനുകളിലായി 97 സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിലെ 100 വാർഡുകളിലായി 556 സ്ഥാനാർത്ഥികളാണ് ജനവിധി തേടുക. 73 പഞ്ചായത്തുകളിലായി മത്സരരംഗത്തുള്ളത് 4777 പേരാണ്. വർക്കല, നെയ്യാറ്റിൻകര, ആറ്റിങ്ങൽ, നെടുമങ്ങാട് എന്നീ നാല് മുനിസിപ്പാലിറ്റികളിലായി 516 പേർ മത്സരിക്കുന്നു. 11 ബ്ലോക്ക് പഞ്ചായത്തുകളിലായി 523 സ്ഥാനാർത്ഥികളുണ്ട്. ആകെയുള്ള 6,469 സ്ഥാനാർത്ഥികളിൽ 3,329 പേർ വനിതകളും 3,073 പേർ പുരുഷന്മാരുമാണ്. ഗ്രാമപഞ്ചായത്തിലേക്ക് 2,464 പേർ വനിതകളും 2,246 പേർ പുരുഷന്മാരും മത്സരിക്കുന്നുണ്ട്. 266 വനിതകളും 257 പുരുഷന്മാരുമാണ് ബ്ലോക്ക് പഞ്ചായത്തിൽ മത്സരരംഗത്തുള്ളത്. ജില്ലാ പഞ്ചായത്തിൽ 46 വനിതകളും 51 പുരുഷന്മാരുമുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിലെ 556 സ്ഥാനാർത്ഥികളിൽ 278 വനിതകളും 278 പുരുഷന്മാരുമുണ്ട്. 274 വനിതകളും 242 പുരുഷന്മാരുമടക്കം 516 പേരാണ് നാല് മുനിസിപ്പാലിറ്റികളിൽ മത്സരിക്കുന്നത്.