കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിൽ മുല്ലപ്പിളളി രാമചന്ദ്രനും സതീശനും ഏറ്റുമുട്ടുന്നു. ഇതു കേട്ട് ആരും ഞെട്ടേണ്ട, നിങ്ങൾ ഉദേശിച്ച കോൺഗ്രസ് നേതാക്കളല്ല ഇവർ രണ്ടു പേരും. കൊച്ചിയിലെ രണ്ട് പ്രാദേശിക നേതാക്കളാണ് മുല്ലപ്പിളളി രാമചന്ദ്രനും സതീശനും.
എറണാകുളം തൃപ്പൂണിത്തുറ നഗരസഭയിലെ 48ആം വാർഡിലാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പേരുകളോട് സാമ്യമുളള നേതാക്കൾ മത്സരിക്കുന്നത്. വാർഡിലുടനീളം ഇരുവരുടേയും ഫ്ലക്സുകളും ചുമരെഴുത്തുകളും നിറഞ്ഞുകഴിഞ്ഞു. ബി ജെ പി സ്ഥാനാർത്ഥിയായി മുല്ലപ്പിള്ളി രാമചന്ദ്രൻ മത്സരിക്കുന്നത് യു ഡി എഫ് സ്ഥാനാർത്ഥിയായ പി ബി സതീശനെതിരെയാണ്.
കെ പി സി സി അദ്ധ്യക്ഷന്റെ പേരിനേക്കാൾ അധികമായി ഒരു വളളി മാത്രമാണ് ബി ജെ പി സ്ഥാനാർത്ഥിക്കുളളത്. മുമ്പ് കോൺഗ്രസ് പ്രവർത്തകനായിരുന്നു മുല്ലപ്പിളളി രാമചന്ദ്രൻ. രണ്ട് തവണ വാർഡിലേക്ക് മത്സരിച്ചിട്ടുമുണ്ട്. മുമ്പ് പ്രവർത്തിച്ച പാർട്ടിയെ കുറിച്ച് ചോദിച്ചാൽ രൂക്ഷ വിമർശനമാണ് മുല്ലപ്പിളളി രാമചന്ദ്രൻ ഉന്നയിക്കുക.
കോൺഗ്രസ് പാർട്ടി നാഥനില്ലാത്ത സംവിധാനമായി മാറിയെന്നും അങ്ങനെയൊരു പാർട്ടിയുടെ ഒപ്പം പോവുകയെന്നത് ആത്മഹത്യാപരമായ കാര്യമാണെന്നുമാണ് മുല്ലപ്പിളളി രാമചന്ദ്രൻ പറയുന്നത്.