ഏറ്റവും വിലക്കുറവിൽ വിപണിയിലോ, നമ്മുടെ വീട്ടുമുറ്റത്തോ ലഭിക്കുന്ന പഴവർഗമാണ് പേരക്ക. കാണാൻ സാധാരണക്കാരനാണെങ്കിലും പേരക്കയിലെ ഔഷധമൂല്യങ്ങൾ വളരെ വലുതാണ്. ആരോഗ്യകാര്യത്തിലും ഏറെ മുന്നിലാണ് പേരക്ക.
പല്ലുവേദനയ്ക്ക് പേരക്ക
പല്ല് വേദന, മോണ രോഗങ്ങൾ, വായ് നാറ്റം എന്നിവ അകറ്റാൻ പേരയില സഹായിക്കും. ഇതിന് ഒന്നോ രണ്ടോ തളിരില വായിലിട്ടു ചവച്ചാൽ മതി.
രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഉണക്കിപ്പൊടിച്ച പേരയിലയിട്ട വെള്ളം കുടിക്കാം.
മുഖത്തെ കറുത്ത പാടുകൾ മാറാൻ പേരയില അരച്ച് പാടുകളുള്ള ഭാഗങ്ങളിൽ പുരട്ടാവുന്നതാണ്. പാടുകൾ മാറുന്നതുവരെ എല്ലാദിവസവും ഇത് ആവർത്തിക്കണം.
പേരയിലകൾ കുറച്ച് വെളളം ചേർത്ത് അരച്ചെടുക്കുക. ഇത് സ്ക്രബായി ഉപയോഗിച്ചാൽ ബ്ളാക്ക് ഹെഡ്സ് അകറ്റാം.
ആർത്തവ കാലത്തെ വയറുവേദന അകറ്റാനും ഗർഭാശയ വിടവുകൾ ഒഴിവാക്കാനും പേരയിലകൾക്ക് സാധിക്കുമത്രെ.
പേരയ്ക്ക അച്ചാർ
അധികം പഴുക്കാത്തതും എന്നാൽ വിളഞ്ഞതുമായ അഞ്ചു പേരക്ക. അച്ചാറുണ്ടാക്കാനുള്ള മസാലയ്ക്ക് ആവശ്യമായ
കടുക്, ജീരകം, ഉലുവ എന്നിവയും, മുളക് പൊടി, ശർക്കര പൊടിച്ചത്, കായപ്പൊടി, മഞ്ഞൾ പൊടി, എണ്ണ, ഉപ്പ് എന്നിവയും എടുക്കാം. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുക്, ജീരകം, ഉലുവ എന്നിവ പൊട്ടിക്കുക തീകുറച്ച് അതിൽ മുളക് പൊടി, ശർക്കരപ്പൊടി, മഞ്ഞൾ പൊടി, കായപ്പൊടി എന്നിവ ചേർത്ത് ശർക്കര ഉരുകി ചേരുന്നത് വരെ വഴറ്റുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ പേരക്കയും ഉപ്പും ചേർത്ത് ചെറുതീയിൽ വഴറ്റി തണുത്ത ശേഷം വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക. കുരു കളഞ്ഞോ കളയാതെയോ പേരയ്ക്ക അച്ചാർ ഉണ്ടാക്കാം. പുളി വേണമെന്നുള്ളവർക്ക് രണ്ടു ചെറുനാരങ്ങയും ഇതിനോടൊപ്പം ഇടാം. രുചികരമായ അച്ചാർ തയ്യാർ.
പേര വളർത്തുമ്പോൾ
എല്ലാത്തരം മണ്ണിലും വളരുമെങ്കിലും വരണ്ട കാലാവസ്ഥയും നീർവാർച്ചയുള്ള മണ്ണുമാണ് കൂടുതൽ നല്ലത്
വെള്ളം കെട്ടിനിൽക്കുന്ന സ്ഥലത്ത് പേര കൃഷി ചെയ്യരുത്.
പേരക്കുരു ഒരു ദിവസം വെള്ളത്തിൽ ഇട്ട ശേഷം മുളപ്പിച്ചാൽ പെട്ടെന്ന് മുളയ്ക്കും
വിത്ത് മുളച്ചുണ്ടാകുന്ന തൈകൾക്ക് മാതൃസസ്യത്തിന്റെ ഗുണങ്ങൾ കിട്ടാറില്ല
മണ്ണിന്റെ സ്വഭാവം പേരയുടെ വളർച്ചയെ സഹായിക്കുന്നു.
ഒരേ അളവിൽ മണ്ണും മണലും കമ്പോസ്റ്റും യോജിപ്പിച്ച് ചട്ടിയിൽ മുക്കാൽ ഭാഗത്തോളം നിറച്ച് പേര കൃഷി ചെയ്യാം
ജൈവവളമാണ് കായ്ഫലം കൂടുതലുണ്ടാകാൻ നല്ലത്
ഒരു വർഷം മുതൽ നാല് വർഷത്തിനുള്ളിൽ പുഷ്പിക്കും
ഫെബ്രുവരി, ജൂൺ, ഒക്ടോബർ മാസത്തിലാണ് പേര പുഷ്പിക്കുന്നത്. ചെടിയിൽ നിന്ന് തന്നെ പഴുത്താൽ കൂടുതൽ രുചികരമായ പേരയ്ക്ക കിട്ടും
മുപ്പത് വർഷം മുതൽ അമ്പത് വർഷം വരെ പേരയ്ക്ക് ആയുസുണ്ട്.