vote

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ മദ്യം, ലഹരി കടത്ത് എന്നിവ തടയുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ലഹരി നിയന്ത്രണ റൂം സജ്ജമാക്കുന്നു. ഇന്ന് മുതൽ ഇത് പ്രവർത്തിച്ചു തുടങ്ങും. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമായതിനാൽ തന്നെ തിര‌ഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അതിർത്തി വഴി മദ്യവും ലഹരിവസ്തുക്കളും കടത്താനുള്ള വലിയ സാദ്ധ്യതയാണ് അധികൃതർ മുന്നിൽ കാണുന്നത്. ഇത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ലഹരി നിയന്ത്രണ സെൽ സ്ഥാപിക്കുന്നത്.

റെയ്ഡുകൾ തുടങ്ങി

തിരഞ്ഞെടുപ്പ് പ്രചാരണം ചൂടേറിയതോടെ വോട്ടർമാർക്ക് മദ്യവും മറ്റും എത്തിക്കുന്നത് വ്യാപകമാകാൻ ഇടയുണ്ടെന്ന് പൊലീസ് മുന്നിറിയിപ്പ് നൽകിയിട്ടുണ്ട്. അനധികൃത മദ്യക്കടത്തും ലഹരിവസ്തുക്കൾ അടക്കമുള്ളവ കണ്ടെത്തുന്നതിനായി പൊലീസ്, എക്‌സൈസ്, നാർക്കോട്ടിക്‌ കൺട്രോൾ സെൽ എന്നിവയുടെ നേതൃത്വത്തിൽ പരിശോധനകൾ തുടങ്ങിക്കഴിഞ്ഞു. തീരദേശങ്ങളിലെ നിരീക്ഷണത്തിന് പൊലീസും എക്സൈസും നാർക്കോട്ടിക് സെല്ലും വെവ്വേറെ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധനകൾ നടത്തുക. വനമേഖലകളിൽ വനം വകുപ്പിന്റെ സഹായത്തോടെയാണ് പരിശോധനകൾ നടക്കുക. റെയിൽവേ സ്റ്റേഷനുകളിലെ പരിശോധന റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ (ആർ.പി.എഫ്) പിന്തുണയോടെയായിരിക്കും പരിശോധനകൾ.

എക്‌സൈസിന്റേതായി ഒമ്പത് സ്‌ക്വാഡുകളാണ് ഇപ്പോൾ ജില്ലയിൽ പരിശോധനകളിൽ ഏർപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കിൽ വരും ദിവസങ്ങളിൽ സ്‌ക്വാഡുകളുടെ എണ്ണം കൂട്ടും. രണ്ട് പ്രധാന ചെക്ക് പോസ്റ്റുകളിലും 15 ചെറിയ ചെക്ക് പോസ്റ്റുകളിലുമടക്കം 17 ഇടങ്ങളിൽ വാഹന പരിശോധന നടന്നുവരുന്നുണ്ട്.

ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡും
രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും നടത്തുന്ന പ്രചാരണ പരിപാടികൾ നിയമാനുസൃതമാണോയെന്നു പരിശോധിക്കുന്നതിനായി രൂപീകരിച്ച ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകളും ജില്ലയിൽ പ്രവർത്തിച്ചു വരികയാണ്. ഓരോ സ്‌ക്വാഡിനൊപ്പവും ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉണ്ടാകും. ഗ്രാമീണ മേഖലയിൽ അഞ്ചും നഗരത്തിൽ രണ്ടും സ്‌ക്വാഡുകളും അടക്കം ഏഴു സ്‌ക്വാഡുകളാണ് താലൂക്ക് അടിസ്ഥാനത്തിൽ നിലവിൽ ജില്ലയിൽ പ്രവർത്തിക്കുന്നത്.