cpm


കണ്ണൂർ: ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സുകന്യയെ കണ്ണൂർ കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥിയാക്കുമ്പോൾ തളിപ്പറമ്പിൽ നിന്നും നിയമസഭയിലേക്ക് മത്സരിക്കാനുള്ള അവസരം നഷ്ടമാകും. കോർപ്പറേഷൻ ഭരണം കിട്ടിയാൽ കഴിവുള്ള മേയർ വേണമെന്നും അതിന് പറ്രിയയാൾ സുകന്യ ആണെന്നുമാണ് സി.പി.എം അണികളോട് വിശദീകരിക്കുന്നത്. എന്നാൽ ആന്തൂർ നഗരസഭാ അദ്ധ്യക്ഷയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദന്റെ ഭാര്യയുമായ പി.കെ. ശ്യാമളയ്ക്ക് തളിപ്പറമ്പിൽ നിന്നും മത്സരിക്കാൻ വഴിയൊരുക്കുകയാണ് അജണ്ടയെന്നാണ് വിലയിരുത്തൽ.

സി.പി.എം. സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാതെയായിരുന്നു കഴിഞ്ഞ തവണ കണ്ണൂരിലെ ഭരണം ലഭിച്ചത്. നന്നായി കാര്യങ്ങൾ അവതരിപ്പിക്കാനും ഇടപെടാനും ശേഷിയുള്ള മേയർ ഇല്ലാത്തത് സി.പി.എമ്മിന് പ്രയാസം സൃഷ്ടിച്ചിരുന്നു. ഡെപ്യൂട്ടി മേയർ സൂപ്പർ മേയർ ആയി ചമഞ്ഞപ്പോഴും പാർട്ടിയ്ക്ക് ഒന്നും ചെയ്യാനായില്ലെന്നും നേതൃത്വം കരുതുന്നു. സി.പി.എം. ഇത്തവണ മുൻ മേയർക്ക് സീറ്റ് നൽകാതെ ഒതുക്കിയതും ഈ കാരണത്താലാണ്.

സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ് സുകന്യ. എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിൽ പ്രവർത്തിച്ച ശ്രദ്ധേയരായ വനിതാ നേതാക്കളിലൊരാൾ കൂടിയാണ്. നല്ല സംഘാടകയും പ്രാസംഗികയുമായ സുകന്യ അണികളിൽ സ്വാധീനമുള്ള വനിതാ നേതാവാണ്. തളിപ്പറമ്പ് എം.എൽ.എ ജയിംസ് മാത്യുവിന്റെ ഭാര്യ കൂടിയായ സുകന്യ അദ്ധ്യാപികയായി ജോലി ലഭിച്ചതിനെ തുടർന്ന് വർഗ ബഹുജന സംഘടനകളിൽ മാത്രം പ്രവർത്തനം ചുരുക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി അദ്ധ്യാപക ജോലിയിൽ നിന്നും വി.ആർ.എസെടുത്ത് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവർ തളിപ്പറമ്പിൽ നിന്നോ അഴീക്കോടു നിന്നോ ജനവിധി തേടുമെന്നായിരുന്നു പ്രവർത്തകരുടെ പ്രതീക്ഷ.

എന്നാൽ അപ്രതീക്ഷിതമായി സി.പി.എം കണ്ണൂർ കോർപ്പറേഷൻ അമരത്തേക്ക് സുകന്യയെ നിയോഗിച്ചത് അണികളുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറമായിരുന്നു. ജനറൽ സീറ്റായ പൊടിക്കുണ്ട് ഡിവിഷനിലാണ് ഇവർ ജനവിധി തേടുന്നത്. ഭരണം കിട്ടിയാൽ മേയർ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ആശയ കുഴപ്പമില്ലാതിരിക്കാനാണ് സുകന്യയെ സ്ഥാനാർത്ഥിയാക്കിയത് എന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന. തളിപ്പറമ്പ് മണ്ഡലത്തിൽ രണ്ടു ഘട്ടം പൂർത്തിയാക്കുന്ന ജയിംസ് മാത്യു തളിപ്പറമ്പിൽ നിന്നും ഇക്കുറി ഒഴിയുമ്പോൾ ഭാര്യ എൻ. സുകന്യ അവിടെ മത്സരിക്കുമെന്നായിരുന്നു പൊതുവെയുള്ള കണക്കുകൂട്ടൽ. സി.പി.എം കഷ്ടിച്ച് നഗരഭരണം പിടിച്ചാൽ സുകന്യയെ രാജിവെപ്പിച്ച് മത്സരിപ്പിക്കാനും കഴിയാതെയാകും. ആന്തൂരിൽ പ്രവാസി വ്യവസായ സംരഭകൻ സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഏറെ പഴികേൾക്കേണ്ടി വന്നവരാണ് പി.കെ ശ്യാമള.