സ്കൂളിലേക്ക് പുറപ്പെട്ടാൽ പലപ്പോഴും കളരിയിലാണ് ചെന്നെത്തുക. പയ്യന്നൂരിൽ ആരംഭിച്ച കലോദയം കഥകളിയോഗത്തിലേക്കാണ് ആ യാത്ര അവസാനിച്ചത്. ഉത്തരകേരളത്തിന്റെ കഥകളി ഗുരുവായ ഗുരുചന്തുപ്പണിക്കരുടെ പ്രഥമ ശിഷ്യനും കല്ലടിക്കോടൻ കഥകളി പാരമ്പര്യത്തിലെ തിളങ്ങുന്ന മൂന്ന് നക്ഷത്രങ്ങളായ കണ്ണത്രയങ്ങളിൽ ഒരാളുമായ സ്വാമി കണ്ണമാരാർ എന്നറിയപ്പെടുന്ന പി.വി.കുഞ്ഞിക്കണ്ണമാരാറായിരുന്നു കലോദയം കളിയോഗത്തിലെ കഥകളി ആശാൻ. ഒന്നരവർഷത്തെ പഠനംകൊണ്ട് തന്നെ ആത്മവിശ്വാസമായി. ഇതിനിടയിൽ അദ് വേദനിപ്പിക്കുന്ന കുറേ സംഭവങ്ങൾ കളിയോഗത്തിലുണ്ടായി. വേഷത്തിലെ മികവിനു പകരം ജാതിയിലെ മികവ് അരങ്ങ് തീരുമാനിക്കാൻ തുടങ്ങി. എല്ലാ ദുഃഖവും കടിച്ചമർത്തിക്കൊണ്ട് എല്ലാ അവഗണനകളും സഹിച്ച് മൂന്ന് വർഷം അവിടെത്തന്നെ പിടിച്ചുനിന്നു. കഥകളി ജീവിതത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നത് പറശ്ശിനി മടപ്പുര കഥകളി യോഗത്തിൽ വെച്ചാണ്. അവഗണനയുടെ ആഴക്കടലിൽ നിന്നും എന്നെ രക്ഷിച്ചത് കുഞ്ഞിരാമ മാരാറായിരുന്നു. അക്കാലത്തെ മികച്ച ആശാനും കടത്തനാടൻ സമ്പ്രദായത്തിലെ പ്രമുഖനുമായ കൊച്ചു ഗോവിന്ദനാശാന്റെ ശിക്ഷണവും കുഞ്ഞിരാമൻ നായരെന്ന സഹവേഷക്കാരന്റെ സ്നേഹവും എന്റെ കഥകളിവേഷത്തിന് ചാരുതയേകി. പ്രഗൽഭ ഗുരുക്കന്മാരായ നാട്യരത്നം കാനാ കണ്ണൻ നായർ ആശാൻ, കണ്ണൻ പാട്ടാളി ആശാൻ തുടങ്ങിയവരുടെ ശിഷ്യത്വവും എന്റെ വേഷങ്ങൾക്ക് ബലം നൽകി. ഗ്രാമ ഗ്രാമാന്തരങ്ങളിൽ പോയി കഥകളി അവതിരിപ്പിച്ചിട്ടുണ്ട്. ന്യൂഡൽഹിയിൽ കലാമണ്ഡലം രാധാമാരാർ നടത്തിയ ഡാൻസ് ഗ്രൂപ്പിലെ കഥകളി, നൃത്ത കലാകാരനായി തിളങ്ങി നാലുവർഷം തുടർന്നു. ഒറിസ്സയിലെ വാണി ഡാൻസ് ആന്റ് മ്യൂസിക്കൽസ് സ്കൂളിലും ഒരുവർഷം അദ്ധ്യാപക വേഷം കെട്ടിയിരുന്നു.