bride

പെൺകുട്ടികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനദിവസമാണ് വിവാഹദിനം. ആ ദിനത്തിൽ രാജകുമാരിയെ പോലെ തിളങ്ങാനാകും ഓരോരുത്തരും മനസിൽ കൊതിക്കുക. കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും തങ്ങളുടെ 'ബിഗ് ഡേ" സുന്ദരമാക്കാവുന്നതേയുള്ളൂ.കുറഞ്ഞത് രണ്ടരമാസം മുമ്പെങ്കിലും സൗന്ദര്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തി തുടങ്ങണം. മുടിയും ചർമ്മവും അടിപൊളിയാക്കാൻ മേക്കപ്പ് മാത്രം പോര, നല്ല ആഹാരവും കഴിക്കേണ്ടതുണ്ട്. മുഖക്കുരു പ്രശ്‌നമായിട്ടുള്ളവരും അമിതവണ്ണമുള്ളവരും വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ ഒഴിവാക്കി പരമാവധി പഴവർഗങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം. നിറം വയ്‌ക്കാനും ചർമ്മം തിളങ്ങാനും സഹായിക്കുന്ന പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. അതുപോലെ പ്രധാനമാണ് ഓരോ ദിവസവും കുടിക്കുന്ന വെള്ളത്തിന്റെ അളവും. കുറഞ്ഞത് ഒന്നര ലിറ്റർ വെള്ളമെങ്കിലും ദിവസവും കുടിക്കാൻ ശ്രദ്ധിക്കണം. എത്രത്തോളം വെള്ളം കുടിക്കുന്നുവോ അത്രത്തോളം ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളി ചർമ്മം തിളങ്ങാൻ സഹായിക്കും.

മുടിയ്‌ക്കും വേണം ശ്രദ്ധ. ഹോട്ട് ഓയിൽ മസാജ് രണ്ടാഴ്‌ചയിലൊരിക്കൽ ചെയ്യണം. വിവാഹത്തിന് രണ്ടാഴ്‌‌‌ച മുമ്പെങ്കിലും മുടിയുടെ അറ്റം വെട്ടണം. സ്‌പാ പോലുള്ള മുടിക്ക് വേണ്ട പരിചരണങ്ങളും നൽകണം. ചർമ്മസൗന്ദര്യത്തിനായി എണ്ണ തേച്ചു കുളി പതിവാക്കാം. അതുപോലെ, മുഖസൗന്ദര്യം വർദ്ധിപ്പിക്കാനായി നാടൻ ഫേസ്‌പാക്കുകളും ഉപയോഗിച്ചു തുടങ്ങാം. വിവാഹത്തിന് മുന്നേ തന്നെ ഒരു ട്രയൽ നോക്കുന്നത് നല്ലതാണ്. സാരിയും ആഭരണങ്ങളുമണിഞ്ഞ് മേക്കപ്പിട്ട് നോക്കിയാൽ ആ ദിവസം നിങ്ങളെങ്ങനെയാകും തിളങ്ങുകയെന്ന് നേരത്തേ അറിയാൻ കഴിയും. അത് ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യും.