air-strike-

ന്യൂഡൽഹി : മോദി സർക്കാരിന്റെ കീഴിൽ സർജിക്കൽ സ്‌ട്രൈക്കും, ബലാക്കോട്ടിൽ യുദ്ധവിമാനം ഉപയോഗിച്ചുള്ള ബോംബിടൽ കൊണ്ടും പാകിസ്ഥാൻ പാഠം പഠിച്ചിട്ടില്ല എന്നതാണ് നാഗ്രോട്ട ഏറ്റുമുട്ടലിൽ തെളിയുന്നത്. മുംബയെ രക്തത്തിൽ കുളിപ്പിച്ച നവംബറിൽ അതുപോലൊരു ആക്രമണം ലക്ഷ്യമിട്ടാണ് പാകിസ്ഥാനിൽ നിന്നും ജെയ്ഷ് തീവ്രവാദികൾ കാശ്മീരിലേക്ക് എത്തിയത്. എന്നാൽ കൃത്യമായ ആസൂത്രണത്തോടെ ഇന്ത്യൻ സൈന്യം ഭീകരരുടെ പദ്ധതി തകർക്കുകയായിരുന്നു. നാല് തീവ്രവാദികളെയും അവർ വന്ന ട്രക്കിൽ നിന്നും പുറത്ത് പോലും ഇറങ്ങാനാവാത്ത വിധം വകവരുത്തിയാണ് ഇന്ത്യൻ സൈന്യം രാജ്യത്തെ കാത്തത്. ട്രക്കിൽ നിന്നും കണ്ടെടുത്ത ആയുധങ്ങളുടെ മാരക ശേഷിയും അളവും വലിയൊരു ആക്രമണത്തിനായിട്ടാണ് ഭീകരർ ഇവിടെ എത്തിയതെന്നത് തീർച്ചയാക്കുന്നു. തായ്‌വാൻ നിർമ്മിത ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ജിപിഎസ്) ഉപകരണം ഉപയോഗിച്ചതായും തെളിഞ്ഞിട്ടുണ്ട്. കൃത്യമായ സ്ഥലം ലക്ഷ്യമിട്ട് ആക്രമിക്കാനാണ് ഇവർ എത്തിയതെന്ന് വ്യക്തമാണ്.

അതി സുരക്ഷയുള്ള അതിർത്തിയിലൂടെ ഭീകരർ എങ്ങനെ ഇന്ത്യൻ മണ്ണിലെത്തി എന്ന തിരച്ചിലാണ് പാകിസ്ഥാനിൽ നിന്ന് ജമ്മു കശ്മീരിലേക്ക് 200 മീറ്റർ നീളമുള്ള തുരങ്കം കണ്ടെത്താൻ സൈന്യത്തെ സഹായിച്ചത്. 8 മീറ്ററോളം ആഴത്തിൽ പ്രൊഫഷണലായി എഞ്ചിനീയറിംഗ് ചെയ്‌തെടുത്ത ഭൂഗർഭ തുരങ്കം നിർമ്മിക്കുവാൻ നാല് തീവ്രവാദികൾക്ക് എങ്ങനെ സാധിച്ചു എന്ന ചോദ്യത്തിന് പാകിസ്ഥാന് മറുപടി പറയേണ്ടി വരും ഇനിയുള്ള ദിവസങ്ങളിൽ. അയൽ രാജ്യങ്ങളിലേക്ക് ഭീകരരെ കയറ്റുമതി ചെയ്യുന്ന രാജ്യം എന്ന വിളിപ്പേര് കൂടുതൽ ശക്തമാകുവാനേ ഇത് പാകിസ്ഥാന് ഉപകരിക്കുകയുള്ളു.

ഇന്ത്യൻ സൈനികരെ പോലെ അതിർത്തിയിൽ 24 മണിക്കൂറും നിരീക്ഷണ സംവിധാനമുള്ള പാക് സൈന്യം അറിയാതെ ഇത്രയും വലിയ തുരങ്കം നിർമ്മിക്കുക അസാദ്ധ്യമാണ്. ആഴ്ചകൾ എടുത്ത് നിർമ്മിച്ച തുരങ്കത്തിന്റെ സാങ്കേതിക വശങ്ങളും സൈനിക സഹായത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇന്ത്യയ്‌ക്കെതിരായ ഭീകരതയെ സ്‌പോൺസർ ചെയ്യുന്ന നടപടികൾ ഇമ്രാൻ ഭരണകൂടം തുടരുന്നതായിട്ടാണ് പുതിയ സംഭവവും തെളിയിക്കുന്നത്. അന്താരാഷ്ട്ര വേദികളിലടക്കം ഇതു സംബന്ധിച്ച വിവരങ്ങൾ ഉയർത്തിക്കാട്ടി പാകിസ്ഥാന്റെ ഭീകരമുഖം തുറന്ന് കാണിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇതിനൊപ്പം പാഠം പഠിക്കാത്ത പാകിസ്ഥാന് വീണ്ടും അതിർത്തി കടന്ന് ഇന്ത്യ മറുപടി നൽകാനും സാദ്ധ്യതയുണ്ട്.


എന്ത് കൊണ്ട് തുരങ്കം

അതിർത്തിയിൽ അത്യാധുനിക ആയുധങ്ങളോടെ സൈന്യവും ബി എസ് എഫും നിരീക്ഷണം കടുപ്പിച്ചതോടെയാണ് പഴഞ്ചൻ മാർഗങ്ങളിലേക്ക് പാക് സൈന്യം തിരിയുന്നത്. സ്നിപ്പർ റൈഫിളുകളും, രാത്രി നിരീക്ഷണത്തിനുള്ള സംവിധാനങ്ങളും അതിർത്തിയിലുടനീളം വിന്യസിച്ചപ്പോൾ നുഴഞ്ഞുകയറുന്നവർ ജീവനോടെ പാതിവഴിയിൽ തിരിച്ചപോകാൻ പോലും ആവാത്ത അവസ്ഥയാണുണ്ടായത്. ഇതാണ് തുരങ്ക പാതയെ ആശ്രയിക്കാൻ പാകിസ്ഥാനെ പ്രേരിപ്പിക്കുന്നത്. അടുത്ത കാലത്ത് ഡ്രോൺ ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ മണ്ണിലേക്ക് ആയുധങ്ങൾ എത്തിക്കാൻ പാക് സൈന്യം ശ്രമിച്ചത്. എന്നാൽ നിരവധി തവണ ഈ ശ്രമങ്ങൾ ഇന്ത്യൻ സൈന്യം തകർത്തിരുന്നു. ഡ്രോണുകൾ കണ്ടെത്തുന്ന സംവിധാനങ്ങൾ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുകയും ചെയ്തു. ഇതും തുരങ്കം പണിയുവാൻ പാകിസ്ഥാനെ പ്രേരിപ്പിക്കും.

പാകിസ്ഥാന് പുല്ലും ആയുധം
തുരങ്കം പണിയുന്ന ശ്രമങ്ങൾ രാത്രികാലത്താണ് നടക്കുക. അതിർത്തിയിൽ അതീവ ജാഗ്രയയോടെ നിരീക്ഷണമുറപ്പിച്ച ഇന്ത്യൻ സൈനികരുടെ കണ്ണു വെട്ടിക്കാൻ കുറ്റിക്കാടുകളും, ഉയരത്തിൽ വളരുന്ന പുല്ലുനിറഞ്ഞ പ്രദേശത്ത് നിന്നുമാണ് തുരങ്കങ്ങളുടെ നിർമ്മാണം ആരംഭിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറുകൾ അനുസരിച്ച് അതിർത്തിയോട് ചേർന്ന ഇടങ്ങളിൽ പുല്ലു വെട്ടിമാറ്റേണ്ടതാണെങ്കിലും പാകിസ്ഥാൻ അത് പാലിക്കാറില്ല. തീവ്രവാദികളെയും മയക്കുമരുന്ന് കള്ളക്കടത്തുകാരെയും ഇന്ത്യയിലേക്ക് കടത്തിവിടാൻ പാകിസ്ഥാൻ ഈ പുല്ല് ഉപയോഗിക്കുന്നു