delhi-lady

ന്യൂഡൽഹി: ഡൽഹിയിലെ തെരുവിൽ തോക്കുമായെത്തി വെടിയുതിർക്കുകയും വ്യാപാരിയെ അസഭ്യം പറയുകയും ചെയ്‌ത യുവതി അറസ്റ്റിൽ. ഡൽഹി ജാഫറബാദ് സ്വദേശിയായ നുസ്രത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാഫറബാദിലെ ഗുണ്ടാ തലവനായ നാസിറിന്റെ കൂട്ടാളി മുഹ്സിന്റെ സഹോദരിയാണ് നുസ്രത്ത് എന്നാണ് പൊലീസ് പറയുന്നത്.

ബുർഖ ധരിച്ച് തെരുവിലെത്തിയ നുസ്രത്ത് വെടിയുതിർക്കുന്നതും വ്യാപാരിയെ അസഭ്യം പറയുന്നതുമായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. സംഭവം കണ്ട് കുട്ടികളും നാട്ടുകാരും വിറങ്ങലിച്ച് നിൽക്കുന്നതും വീഡിയോയിൽ കാണാം. കൂടെയുണ്ടായിരുന്നയാൾ നുസ്രത്തിനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.

താൻ ഗുണ്ടാ തലവൻ നാസിറിന്റെ സഹോദരിയാണെന്നും ഇവർ വിളിച്ചുപറയുന്നുണ്ട്. സംഭവസമയത്ത് യുവതി മദ്യപിച്ചിരുന്നതായും മൊബൈൽ ഫോണിനെ ചൊല്ലിയാണ് വ്യാപാരിയുമായി തർക്കമുണ്ടായതെന്നും പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. വീഡിയോ വ്യാപകമായി പ്രചരിച്ച് തുടങ്ങിയതോടെയാണ് സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചത്.