ബർവാനി : മദ്ധ്യപ്രദേശിലെ ബർവാനിയിൽ നാല് വയസുള്ള പെൺകുട്ടിയുടെ ചുണ്ടിൽ തീപ്പെട്ടിക്കൊള്ളിക്കൊണ്ട് പൊള്ളലുണ്ടാക്കിയെന്ന് കാട്ടി സർക്കാർ സ്കൂൾ അദ്ധ്യാപികയ്ക്കെതിരെ കേസ്. അദ്ധ്യാപിക ആരോപണം നിഷേധിച്ചു.
കൊവിഡിനെ തുടർന്ന് സ്കൂളുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ കിന്റർഗാർട്ടൺ വിദ്യാർത്ഥിനിയായ നാലു വയസുകാരിയും മൂത്ത സഹോദരനും ബർവാനിയിലെ ചാചാരിയ ടൗണിലുള്ള ഹേമ ഒമ്രേ എന്ന ടീച്ചറുടെ എടുത്ത് ട്യൂഷന് പോയി വരികയായിരുന്നു. ഹോംവർക്ക് ചെയ്യാത്തതിനാൽ അദ്ധ്യാപിക പെൺകുട്ടിയോട് ദേഷ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി അവശനിലയിലായിരുന്നു. നവംബർ 19നായിരുന്നു സംഭവം. കുട്ടിയുടെ മേൽചുണ്ടിൽ പൊള്ളലേറ്റ പാട് കണ്ടതോടെ പലചരക്ക് വ്യാപാരിയായ പിതാവ് പൊലീസിനെ സമീപിച്ചു. കുട്ടിയ്ക്ക് കടുത്ത പനിയുണ്ടായിരുന്നു. തീപ്പെട്ടിക്കൊള്ളി കൊണ്ടാണ് കുട്ടിയെ പൊള്ളലേൽപ്പിച്ചതെന്ന് പിതാവ് പൊലീസിന് പരാതി നൽകി.
കാര്യമന്വേഷിച്ച് ബന്ധുക്കൾ ടീച്ചറുടെ വീട്ടിൽ പോയതായും, എന്നാൽ അവർക്ക് മുന്നിൽ വച്ച് ടീച്ചർ മകളെ തല്ലിയെന്നും, അനുസരണാശീലം വളർത്താൻ ഇത്തരം കർക്കശ നടപടികൾ അനിവാര്യമാണെന്ന് പറഞ്ഞെന്നും പിതാവിന്റെ പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ അദ്ധ്യാപികയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഹോം വർക്ക് ചെയ്യാത്തതിൽ കുട്ടിയെ വഴക്ക് പറയുക മാത്രമാണ് ചെയ്തതെന്നും കുട്ടികളെ പഠിപ്പിക്കാൻ തനിക്ക് താത്പര്യം ഇല്ലാതിരുന്നിട്ടും അവരുടെ മാതാപിതാക്കൾ നിർബന്ധിച്ച് ട്യൂഷന് വിടുകയായിരുന്നുവെന്നും ആരോപണങ്ങൾ തള്ളി അദ്ധ്യാപിക പറയുന്നു.