
ന്യൂഡൽഹി: കൊവിഡ് രോഗം രാജ്യത്ത് പിടിമുറുക്കിയ സമയത്ത് ടെസ്‌റ്റിംഗ് കിറ്റുകളും രോഗികളെ പരിചരിക്കുന്നതിന് വേണ്ട പി.പി.ഇ കിറ്റിനുമെല്ലാം രാജ്യത്ത് വലിയ ക്ഷാമം നേരിട്ടിരുന്നു. പി.പി.ഇ കിറ്റുകളുടെ കാര്യത്തിൽ വളരെ വേഗം തന്നെ ഇന്ത്യ പര്യാപ്‌തത നേടി. അവ ഇവിടെ ഉൽപാദിപ്പിച്ചു തുടങ്ങി. എന്നാൽ പരിശോധനയിൽ കൃത്യത വളരെ വലിയൊരു പ്രശ്‌നമായിരുന്നു. അതും നാം ഇപ്പോൾ ഫലപ്രദമായി മറികടന്നിട്ടുണ്ട്.ആന്റിജൻ പരിശോധനയും, ആർടിപിസിആർ പരിശോധനയുമെല്ലാം നടപ്പാക്കിക്കൊണ്ട്.
പക്ഷെ നിലവിലുളള രോഗ നിർണയ മാർഗങ്ങളെക്കാൾ ചിലവ് കുറഞ്ഞതും കൃത്യതയാർന്നതുമായ ഒരു കൊവിഡ് നിർണയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. മറ്റൊന്നുമല്ല നായ്‌ക്കളെ കൊണ്ട് മണം പിടിപ്പിച്ച് കൊവിഡ് കണ്ടെത്തുന്നതാണത്. പരിശീലനം നേടിയ നായ്‌ക്കൾ ഏകദേശം കിറുകൃത്യമായി തന്നെ രോഗം കണ്ടെത്തുമെന്നാണ് പരിശീലകർ അഭിപ്രായപ്പെടുന്നത്. നായ്‌ക്കളെ ഉപയോഗിക്കുന്നത് നല്ലതാണെന്ന് ഗവേഷകരും അഭിപ്രായപ്പെടുന്നു.
പ്രത്യേക പരിശീലനം നേടിയ നായ്‌ക്കളെ വിമാനത്താവളങ്ങളിലും മാർക്കറ്റുകളിലും പരിശോധിക്കാൻ ഉപയോഗിക്കുന്നുണ്ട്. കൊവിഡ് രോഗ നിർണയത്തിന് നിലവിലുളള സമ്പ്രദായങ്ങളെക്കാൾ വളരെയധികം സാമ്പത്തിക ലാഭം നായ്‌ക്കളെ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നുണ്ട്. എന്നാൽ നായ്‌ക്കളുടെ ഈ കഴിവിനെ വേണ്ടവിധത്തിൽ ശാസ്‌ത്രീയമായി വിശകലനം ചെയ്‌തിട്ടില്ല. അതിനാൽ തന്നെ ഈ രീതി വ്യാപകമായി ഉപയോഗിക്കാനും കഴിയില്ല.
അന്താരാഷ്‌ട്ര തലത്തിൽ നായ്‌ക്കളെ കൊവിഡ് കണ്ടെത്താൻ ഉപയോഗിക്കുന്നുണ്ട്. അമേരിക്ക, യു.എ.ഇ,ഫിൻലാന്റ്, ലെബനോൻ എന്നിങ്ങനെ രാജ്യങ്ങളിൽ വിമാനയാത്രക്കാരെ അവരുടെ ശരീരഗന്ധം വഴി നായ്‌ക്കൾ കൊവിഡ് രോഗിയാണോ എന്ന് തിരിച്ചറിയും. ഇതിൽ ലെബനോനിൽ 1680 യാത്രക്കാരിൽ 158 പേരെ നായ്‌ക്കൾ തിരിച്ചറിഞ്ഞു. പി.സി.ആർ മെഷീൻ വഴി ഇവ ശരിയാണെന്ന് തെളിയുകയും ചെയ്‌തതായി റിപ്പോർട്ടുകളിൽ പറയുന്നു.