ന്യൂഡൽഹി : അടുത്തിടെ ജമ്മുകാശ്മീരിൽ തുരങ്കം നിർമ്മിച്ച് രാജ്യത്തേയ്ക്ക് കടന്ന നാല് പാക് തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തിയിരുന്നു. നവംബർ 19 ന് ജമ്മുവിലെ ബാൻ ടോൾ പ്ലാസയിൽ കൊല്ലപ്പെട്ട നാല് ജയ്ഷ് ഇമുഹമ്മദ് തീവ്രവാദികൾ കൊണ്ടുവന്ന ആയുധങ്ങളും ഗതി നിർണയ ഉപകരണങ്ങളും പാക് സൈന്യത്തിന്റെയും ഭരണകൂടത്തിന്റെയും പങ്ക് വിളിച്ചു പറയുന്നതായിരുന്നു. ഈ വർഷം ജനുവരി 31 ന് സൈന്യം വധിച്ച തീവ്രവാദികളിൽ നിന്നും കണ്ടെടുത്ത ആയുധങ്ങളുമായി സമാനതകളുള്ളതായിരുന്നു ഇപ്പോൾ പിടിച്ചെടുത്ത ആയുധങ്ങളെന്നതാണ് മറ്റൊരു പ്രത്യേകത. ഇതോടെ പാക് സ്‌പോൺസേർഡ് ആക്രമണ പദ്ധതികളുടെ ഉള്ളുകള്ളികൾ കൈയ്യോടെ തെളിയിക്കാൻ ഇന്ത്യയ്ക്കാകും.
ജനുവരി 31ലെ ആക്രമണം
2019 പുൽവാമ ആക്രമണത്തിന് സമാനമായ സംഭവമായിരുന്നു ഈ വർഷം ജനുവരി 31ൽ സംഭവിച്ചത്. ടോൾ പാസയിൽ ട്രക്കിൽ കയറി വരുകയായിരുന്ന തീവ്രവാദികളെ പരിശോധനയ്ക്കിടെ സൈന്യം കണ്ടെത്തി കൊലപ്പെടുത്തുകയായിരുന്നു. ട്രക്ക് ഡ്രൈവർ സമീർ അഹമ്മദ് ദാർ ഉൾപ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ ട്രക്ക് ഡ്രൈവറുടെ ബന്ധുവായിരുന്നു നാൽപ്പതോളം സി ആർ പി എഫ് ഭടൻമാരുടെ വീരമൃത്യുവിന് ഇടയാക്കിയ പുൽവാമ ആക്രമണത്തിലെ ചാവേറായി എത്തിയതെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പാകിസ്ഥാന്റെ പങ്ക് സംശയിച്ചിരുന്നുവെങ്കിലും തെളിയിക്കാൻ തക്ക തെളിവുകൾ ലഭിച്ചിരുന്നില്ല.
നവംബർ 19ന് നാഗ്രോട്ട ഏറ്റുമുട്ടലിൽ നാല് പാക് തീവ്രവാദികളെ കൊലപ്പെടുത്തിയതോടെയാണ് ജനുവരി 31ലെ ആക്രമണത്തെ കുറിച്ചുള്ള പാക് ബന്ധം തെളിയിക്കാനായത്. തീവ്രവാദികൾ തുരങ്കം നിർമ്മിച്ചാണ് ഇന്ത്യൻ മണ്ണിൽ പ്രവേശിച്ചത്. പാകിസ്ഥാൻ ഭാഗത്ത് നിന്ന് കുഴിച്ച് തുടങ്ങിയ 200 മീറ്റർ നീളമുള്ള തുരങ്കത്തിലൂടെയാണ് ഇവർ ഇന്ത്യയിലേക്ക് പ്രവേശിച്ചത്. പാക് സൈന്യത്തിന്റെ പിന്തുണയില്ലാതെ ഇത്രയും വലിയ തുരങ്കം നിർമ്മിക്കുവാൻ സാദ്ധ്യമല്ല. അതിവിദഗ്ദ്ധമായ സാങ്കേതിക മികവും ഇതിനുണ്ടെന്ന് സൈന്യം വിലയിരുത്തുന്നു. അതിനാൽ തന്നെ പാക്കിസ്ഥാൻ റേഞ്ചേഴ്സിന്റെ സഹായത്തോടെയാണ് നിർമ്മിതിയുണ്ടായതെന്ന് ഉറപ്പാക്കാനാകും.
നാഗ്രോട്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദികൾ ആശയ വിനിമയത്തിനും, ഗതി നിർണയത്തിനും ഉപയോഗിച്ച ഉപകരണങ്ങളും പാകിസ്ഥാന്റെ പങ്ക് എടുത്തറിയിക്കുന്നതാണ്. ജനുവരിയിൽ തീവ്രവാദികൾ ഉപയോഗിച്ച ഉപകരണങ്ങളുമായി ഇതിന് സാമ്യതയുണ്ട്. പാക്കിസ്ഥാനിൽ നിർമ്മിച്ച മൊബൈൽ റേഡിയോ സെറ്റാണ് ഇതിൽ പ്രധാനം. തുടർച്ചയായ സീരിയൽ നമ്പറുകളിലുള്ള ഉപകരണമാണ് ഇവർ ഉപയോഗിച്ചത്. ജനുവരി 31 ന് ഉപയോഗിച്ചതിലെ സീരിയൽ നമ്പർ 908331J00059 ഉം നവംബർ 19 ന് 908331J00058 ഉം ആയിരുന്നു. സമാനമായ രീതിയിൽ തീവ്രവാദികൾക്ക് പരിശീലനം ലഭിച്ചിരുന്നു. ജനുവരിയിൽ എത്തിയ സംഘത്തെ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയതോടെ മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം അതേ ആക്രമണ ലക്ഷ്യവുമായിട്ടാണ് തീവ്രവാദ സംഘം എത്തിയതെന്ന് കരുതുന്നു. എന്നാൽ ഇക്കുറിയും സൈന്യം തീവ്രവാദികളെ കീഴ്‌പ്പെടുത്തുകയായിരുന്നു.
പാകിസ്ഥാനെ കാത്തിരിക്കുന്നത്
അയൽ രാജ്യങ്ങളിലേക്ക് ഭീകരവാദികളെ കയറ്റിവിടുന്ന, ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രമാണ് പാകിസ്ഥാനെന്ന് യു എൻ അടക്കമുള്ള വേദികളിൽ ഇന്ത്യ ഉയർത്തുന്ന സ്ഥിരം വാദം. ഈ വാദത്തിന് ശക്തമായ തെളിവുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇന്ത്യയുടെ സുരക്ഷയും പരമാധികാരവും കാത്തുരക്ഷിക്കുന്നതിനായി ബലാക്കോട്ട് മാതൃകയിൽ മിന്നലാക്രമണം നടത്തിയാൽ പോലും ഇന്ത്യയ്ക്ക് അതിനെ ന്യായീകരിക്കാൻ ഈ തെളിവുകൾ ധാരാളം. തീവ്രവാദി സഹായിക്കുന്നതിനാൽ ഫിനാൻഷ്യൻ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ ഗ്രേ ലിസ്റ്റിൽ തുടരുന്ന പാകിസ്ഥാൻ താമസിയാതെ ബ്ളാക്ക് ലിസ്റ്റിലാകുമോ എന്നും കണ്ടറിയണം.