ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരാണസിയിൽ നിന്നുളള തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്‌ത് മുൻ ബി എസ് എഫ് ജവാൻ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി തളളി. ബി എസ് എഫ് ജവാനായിരുന്ന തേജ് ബഹാദുർ യാദവ് സമർപ്പിച്ച ഹർജിയാണ് തളളിയത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
നേരത്തേ നാമനിർദേശപത്രിക തളളിയതിനെതിരെ തേജ് ബഹാദൂർ 2019ൽ നൽകിയ ഹർജിയും സുപ്രീംകോടതി അന്ന് തളളിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്‌ത് തേജ് ബഹാദൂർ ആദ്യം സമീപിച്ചത് ഹൈക്കോടതിയെയാണ്. അത് തളളിയപ്പോഴാണ് ഇയാൾ സുപ്രീംകോടതിയെ സമീപിച്ചത്.
അടിസ്ഥാനമില്ലാത്ത കാരണം ചൂണ്ടിക്കാട്ടിയാണ് റിട്ടേണിംഗ് ഓഫീസർ തന്റെ പത്രിക തളളിയതെന്ന് രണ്ട് ഹർജികളിലും തേജ് ബഹാദൂർ ചൂണ്ടിക്കാട്ടിയിരുന്നു. സൈന്യത്തിൽ നിന്ന് പിരിച്ചുവിട്ടത് അഴിമതി മൂലമല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തളളിയത്. എന്നാൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു കൊണ്ടുളള ഉത്തരവ് നൽകിയിരുന്നുവെന്നും, അച്ചടക്കരാഹിത്യത്തിനാണ് നടപടിയെന്ന് ഇതിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും തേജ് ബഹാദൂർ വാദിച്ചു.
ബി എസ് എഫിൽ സൈനികർക്ക് നൽകുന്ന മോശം ഭക്ഷണത്തെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ പരാതിപ്പെട്ടതിനാണ് തേജ് ബഹദൂർ യാദവിനെ സേനയിൽ നിന്ന് പിരിച്ചുവിട്ടത്. 2017ലായിരുന്നു സംഭവം.