ലണ്ടൻ : ഇംഗ്ലീഷ് വ്യാകരണ ക്ലാസുകളിൽ ചിഹ്നങ്ങളുടെ ഉപയോഗത്തെ കുറിച്ച് നാം പഠിച്ചിട്ടുണ്ട്. എന്നാൽ ഇത് മറന്നുപോയ ലണ്ടനിലെ ഒരു ഇന്ത്യൻ ഹോട്ടലിനെ കുറിച്ചുള്ള ട്രോളുകൾ സമൂഹ മാദ്ധ്യമങ്ങളിൽ നിറയുകയാണ്. അനൂസ് കിച്ചൺ എന്നാണ് ഹോട്ടലിന്റെ പേര് എന്നാൽ ഇംഗ്ലീഷിൽ എഴുതിയപ്പോഴാവട്ടെ അനുകഴിഞ്ഞ് ചിഹ്നം ചേർക്കാൻ വിട്ടുപോയി. ഇപ്പോൾ പെട്ടെന്ന് വായിക്കുന്ന ഒരാൾക്ക് ഭക്ഷണം കഴിക്കുമ്പോൾ ഒട്ടും കേൾക്കാനോ ഓർമ്മിക്കുവാനോ ഇഷ്ടമല്ലാത്ത ശരീര ഭാഗത്തെകുറിച്ചാവും മനസിൽ തോന്നുക. പിന്നെ ആഹാരം തൊണ്ടയിൽ നിന്നും താഴേക്ക് ഇറങ്ങുമോ എന്നത് മറുചോദ്യമാവും.
സമൂഹ മാദ്ധ്യമങ്ങളിൽ ഏതോ വിരുതനാണ് ഹോട്ടലിന്റെ പരസ്യം ഷെയർ ചെയ്തത്. ഇതോടു കൂടി പരിഹാസങ്ങൾ നിറഞ്ഞ് കമന്റ് ബോക്സ് നിറയുകയായിരുന്നു. ഉള്ളത് പറയണമല്ലോ ഹോട്ടലിന്റെ പുറത്തെ പരസ്യബോർഡിൽ കാര്യങ്ങൾ നീറ്റായി എഴുതിയിട്ടുണ്ട്, എന്നാലും ഇന്ത്യക്കാരല്ലാത്ത പ്രത്യേകിച്ചും മലയാളികളല്ലാത്തവർക്ക് സംഭവം അരോചകമാവും എന്നത് ഉറപ്പാണ്. സൗത്ത് ഈസ്റ്റ് ലണ്ടനിലെ ബെക്രണിലാണ് ഈ ഹോട്ടൽ സ്ഥിതിചെയ്യുന്നത്.