വാഷിംഗ്ടൺ: ഒടുവിൽ തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്വന്തം പാർട്ടിയും എതിർ പാർട്ടിയും ഒരു പോലെ പറഞ്ഞിട്ടും പരാജയം സമ്മതിക്കാൻ ട്രംപ് തയ്യാറായിരുന്നില്ല.അധികാര കൈമാറ്റത്തിന് തയാറാണെന്നു ട്രംപ് ജോ ബൈഡന്റെ ഒാഫീസിനെ അറിയിച്ചെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിഷിഗണിലും ബൈഡന് അനുകൂലമായി ഫലം പുറത്തുവന്നതോടെയാണ് ട്രംപിൻെറ മനംമാറ്റം.
അധികാര കൈമാറ്റത്തിനുള്ള നടപടിക്രമങ്ങൾക്ക് ട്രംപ് വൈറ്റ് ഹൗസ് അധികൃതർക്ക് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അധികാരകൈമാറ്റത്തിന് തിങ്കളാഴ്ച ട്രംപ് സമ്മതം മൂളിയതായി വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു.
നടപടിക്രമങ്ങൾക്കായി ബൈഡന്റെ ഓഫിസിന് 63 ലക്ഷം ഡോളർ അനുവദിച്ചു.
ജനറൽ സർവീസ് അഡ്മിനിസ്ട്രേഷൻ ഇത് സംബന്ധിച്ച് ട്രംപ് നിർദ്ദേശം നൽകി യ ട്വീറ്റും പുറത്തുവിട്ടിരുന്നു. 'ചെയ്യേണ്ടത് ചെയ്യൂ' എന്ന് അദ്ദേഹം അറിയിച്ചതായാണ് ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷൻ ഏജൻസിയുടെ തലവൻ എമിലി മർഫി പറഞ്ഞത്.
സ്വാഗതം ചെയ്ത് ടീം ബൈഡൻ
ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ടീം ബൈഡൻ രംഗത്തെത്തി.
വരാനിരിക്കുന്ന ഭരണകൂടത്തിന് സുഗമവും സമാധാനപരവുമായ അധികാര കൈമാറ്റം നടത്താൻ ആവശ്യമായ വിഭവങ്ങളും പിന്തുണയും നൽകുമെന്ന് പ്രസ്താവനയിൽ ബൈഡന്റെ സംഘം വ്യക്തമാക്കി.
ഈ അന്തിമ തീരുമാനം ഫെഡറൽ ഏജൻസികളുമായി ഔപചാരികമായി അധികാര കൈമാറ്റപ്രക്രിയ ആരംഭിക്കുന്നതിനുള്ള കൃത്യമായ ഭരണപരമായ നടപടിയാണ് എന്നും ബൈഡന്റെ സംഘം പ്രതികരിച്ചു.