sputnik-5

മോസ്‌കോ: സ്പുട്നിക് 5 കൊവിഡ് വാക്സിൻ 95 ശതമാനം ഫലപ്രദമെന്ന് റഷ്യ. കഴിഞ്ഞ ദിവസം ഓക്സ്ഫഡ് വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന റിപ്പോർട്ട് പുറത്തു വന്നിരുന്നു.

പരീക്ഷണത്തിൽ പങ്കെടുത്ത 18,794 പേരിൽ 39 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും 28 ദിവസത്തിനുശേഷം പരീക്ഷണഫലം വിലയിരുത്തിയപ്പോൾ 91.4 ശതമാനവും 42 ദിവസത്തിനുശേഷം വിലയിരുത്തിയപ്പോൾ 95 ശതമാനവും ഫലപ്രദമാമെന്ന് കണ്ടെത്തിയതായി ആർ.ഡി.ഐ.എഫ്.(റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ്) തലവൻ പറഞ്ഞു.

മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയായ ശേഷം വാക്സിന്റെ കാര്യക്ഷമത അന്തിമമായി വിലയിരുത്തും.

മൂന്നാംഘട്ട പരീക്ഷണത്തിൽ വാക്സിൻ ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഗമേലയയിലെ വിദഗ്ദ്ധർ നേരത്തെ അവകാശപ്പെട്ടിരുന്നു. സ്പുട്നിക് 5 വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞതോടെ കൊവിഡിനെതിരായ പോരാട്ടത്തിൽ ശക്തമായ ആയുധം ലഭിക്കുമെന്ന് റഷ്യൻ ആരോഗ്യമന്ത്രി മിഖായേൽ മുറാഷ്‌കോ പറഞ്ഞു.

റഷ്യൻ വാക്സിനെതിരെ വിമർശനവുമായി അമേരിക്ക ആഗസ്റ്റിൽ രംഗത്തെത്തിയിരുന്നു. സുരക്ഷിതവും ഫലപ്രദവുമായ കൊവിഡ് വാക്സിൻ അവതരിപ്പിക്കുക എന്നതാണ് വാക്സിൻ വികസനത്തിൽ ഒന്നാമതെത്തുക എന്നതിനേക്കാൾ പ്രധാനമെന്ന് അമേരിക്ക അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, വാക്സിൻ വികസനത്തിൽ റഷ്യയുടെ മുന്നേറ്റം ശ്രദ്ധയിൽപ്പെട്ട മറ്റ് രാജ്യങ്ങൾ അടിസ്ഥാനരഹിതമായ സംശയങ്ങൾ ഉന്നയിക്കുകയാണെന്ന് റഷ്യൻ ആരോഗ്യമന്ത്രി പ്രതികരിച്ചിരുന്നു. റഷ്യൻ വാക്സിന്‍ ഫൈസർ, മോഡേണ എന്നിവ വികസിപ്പിച്ച വാക്സിനുകളെക്കാൾ വിലക്കുറവിൽ ലഭ്യമാകുമെന്ന് റഷ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

റഷ്യന്‍ ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്സിൻ വികസിപ്പിക്കുന്നത്.