റിയാദ്: പ്രവാസികൾ ഉൾപ്പെടെ എല്ലാവർക്കും കൊവിഡ് വാക്സിൻ സൗദി അറേബ്യ സൗജന്യമായി നൽകുമെന്ന് ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ.അബ്ദുല്ല അൽ അസീരിയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
2021 അവസാനത്തോടെ രാജ്യത്തെ 70 ശതമാനം ആളുകൾക്കും വാക്‌സിൻ നൽകാനാവുമെന്നാണ് പ്രതീക്ഷയെന്നും അബ്ദുല്ല അറിയിച്ചു. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സൗദിയിലെ മുഴുവൻ താമസക്കാർക്കും വാക്‌സിൻ സൗജന്യമായി നൽകുന്നത്. സൽമാൻ രാജാവിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് നടപടിയെന്നാണ് വിവരം.
നിലവിൽ വാക്‌സിൻ പരീക്ഷണം അന്തിമഘട്ടത്തിലെത്തി നിൽക്കുന്ന മൂന്ന് അന്താരാഷ്ട്ര മരുന്ന് കമ്പനികളുമായി സൗദി അറേബ്യ കരാറിൽ ഏർപ്പിട്ടുണ്ടെന്ന് അബ്ദുല്ല അറിയിച്ചു. രാജ്യത്ത് വാക്സിൻ വിതരണം എത്രയും വേഗം സാദ്ധ്യമാക്കാനാണിത്. പ്രതിരോധ വാക്‌സിൻ ഏറ്റവും ആദ്യം ലഭിക്കുന്ന രാജ്യങ്ങളിലൊന്നായിരിക്കും സൗദിയെന്നും അദ്ദേഹം അവകാശപ്പെട്ടു,
കുട്ടികൾക്ക് നൽകില്ല, തീരുമാനം പിന്നീട്
വാക്‌സിൻ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് ആദ്യഘട്ടത്തിൽ നൽകില്ല. കുട്ടികളിൽ വാക്‌സിൻ എത്രമാത്രം സുരക്ഷിതമാണെന്ന കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നാണ് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്. ഇക്കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.
പരീക്ഷണങ്ങൾക്കായി 200 മില്യൺ ഡോളർ
സ്വന്തമായി വാക്‌സിൻ നിർമ്മിക്കാനുള്ള ശ്രമങ്ങളും സൗദി നടത്തുന്നുണ്ട്. ഇതിനായുള്ള ഗവേഷണങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പരീക്ഷണങ്ങൾക്കായി 200 മില്യൺ ഡോളർ വകയിരുത്തിയതായി കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡി റിലീഫ് സെന്റർ സൂപ്പർവൈസർ ജനറൽ ഡോ.അബ്ദുല്ല അൽ റബീഅ അറിയിച്ചു.