ന്യൂഡൽഹി : സംസ്ഥാന നേതാക്കളിൽ നിന്നും ആവശ്യമായ പിന്തുണ ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി ഓഫീസിന്റെ നിർമാണം പൂർത്തിയാക്കാൻ ' ഭിക്ഷാ സഞ്ചി'യുമേന്തി കർണാടകയിലെ മുൻ നിയമസഭാംഗവും ബാഗൽകോട്ട് ജില്ലയിലെ കോൺഗ്രസ് അദ്ധ്യക്ഷനുമായ എസ്.ജി. നഞ്ജയനാമത്ത്.
പാർട്ടി ഓഫീസിന്റെ നിർമാണം പൂർത്തിയാക്കാൻ കോൺഗ്രസ് നേതാക്കളോട് സംഭാവന ചോദിച്ച് താൻ അക്ഷരാർത്ഥത്തിൽ നിരാശനായെന്നും നഞ്ജയനാമത്ത് പറയുന്നു. നിർമാണത്തിന് ആകെ വേണ്ടത് 50 ലക്ഷം രൂപയാണ്. പൊതുജനങ്ങളിൽ നിന്നും അദ്ദേഹം ഇതുവരെ 3 ലക്ഷം രൂപ സമാഹരിച്ചു. ഏതാനും ചില കോൺഗ്രസ് നേതാക്കൾ ചേർന്ന് 12 ലക്ഷം രൂപയും നൽകി. പണത്തിന് പകരം കെട്ടിട നിർമാണത്തിന് വേണ്ടിയുള്ള മൂന്ന് ലോഡ് കട്ടയും മണ്ണും സിമന്റും സംഭാവനയായി നഞ്ജയനാമത്തിന് ലഭിച്ചു.
താൻ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ഡി.സി.സി പ്രസിഡന്റ് ആയതിനാൽ ഓഫീസ് നിർമാണം പൂർത്തിയാക്കേണ്ടത് തന്റെ ചുമതലയാണെന്നും അദ്ദേഹം പറയുന്നു. 'പല നേതാക്കളെയും സമീപിച്ചു. എന്നാൽ ഓരോരുത്തരും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു. ഏതായാലും നിർമാണത്തൊഴിലാളികൾക്ക് പണം കൊടുത്തേ പറ്റൂ.
മുൻ നിര നേതാക്കൻമാരുടെ ബംഗളൂരുവിലുള്ള വീടുകൾ തോറും സംഭാവനയ്ക്കായി കയറിയിറങ്ങുന്നതിന് പകരം ബാഗൽകോട്ടിലെ ജനങ്ങളെ സമീപിക്കുന്നതാണ് ഉചിതമെന്ന് എനിക്ക് തോന്നി ' നഞ്ജയനാമത്ത് പറയുന്നു. എന്നാൽ വീഴ്ചകളുണ്ടായപ്പോൾ അവസരങ്ങൾ നൽകിയ പാർട്ടിയോട് നഞ്ജയനാമത്തിന് പരാതിയില്ല.
തന്റെ ' ഭിക്ഷാ സഞ്ചി' കാമ്പെയിൻ ജനങ്ങൾ അംഗീകരിച്ചതായും ജില്ലയിലെ ആളുകളുമായി നല്ല ബന്ധം കെട്ടുറപ്പിക്കാനും മറന്ന പരിചയങ്ങൾ വീണ്ടും പുതുക്കാൻ അവസരം ലഭിച്ചതായും നഞ്ജയനാമത്ത് പറയുന്നു. കോൺഗ്രസ് നേതാക്കളായ ഡി. കെ. ശിവകുമാർ, സിദ്ധരാമയ്യ തുടങ്ങിയവരും സംഭാവനകൾ വാഗ്ദ്ധാനം ചെയ്തിരുന്നുവെന്നും ഇതുവരെ അത് ലഭിച്ചില്ലെങ്കിലും അവർ അത് നൽകുമെന്ന് വിശ്വസിക്കുന്നതായും നഞ്ജയനാമത്ത് പറഞ്ഞു.