congress-welfare-party

മലപ്പുറം: മലപ്പുറത്ത് യു.ഡി.എഫ് ഘടക കക്ഷികളായ കോണ്‍ഗ്രസും മുസ്ലിം ലീഗും നേര്‍ക്കുനേര്‍. മൂന്നിടങ്ങളിലാണ് ഇവർ തമ്മിൽ മത്സരിക്കുന്നത്. മലപ്പുറം കരുവാരക്കുണ്ട്, പൊന്മുണ്ടം, മക്കരപ്പറമ്പ് പഞ്ചായത്തുകളിലാണ് ലീഗും കോണ്‍ഗ്രസും ഒറ്റയ്ക്ക് മത്സരിക്കുക.

കരുവാരക്കുണ്ടില്‍ കഴിഞ്ഞ തവണയും വേറിട്ട് നിന്നായിരുന്നു മത്സരം. ഇത്തവണ കരുവാരക്കുണ്ടില്‍ ലീഗിനെ തോല്‍പിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. കരുവാരക്കുണ്ടില്‍ ആകെയുള്ള 21 സീറ്റുകളില്‍ മൂന്ന് സീറ്റുകള്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് കോണ്‍ഗ്രസ് നല്‍കി.

ലീഗിനേക്കാള്‍ പരിഗണന കോണ്‍ഗ്രസ് തന്നതുകൊണ്ടാണ് കോണ്‍ഗ്രസുമായി കൂട്ട് കൂടിയതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ പ്രതികരിച്ചിരുന്നു. കഴിഞ്ഞ തവണ 21ല്‍ 11 സീറ്റുകള്‍ ലീഗ് ഒറ്റയ്ക്ക് നേടിയിരുന്നു.

7 വാര്‍ഡുകള്‍ കോണ്‍ഗ്രസും 5 എണ്ണം സി.പി.എമ്മും നേടി. നിലവില്‍ കോണ്‍ഗ്രസും സി.പി.എമ്മും ചേര്‍ന്നാണ് കരുവാരക്കുണ്ട് ഭരിക്കുന്നത്. ഇത്തവണ വെല്‍ഫെയര്‍ പാർട്ടിയുടെ പിന്തുണയോടെ മുസ്ലിം ലീഗിനെ പരാജയപ്പെടുത്തി പഞ്ചായത്ത് നിലനിര്‍ത്താനാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. അതേസമയം, ഭരണം തിരിച്ചുപിടിക്കുമെന്ന വാശിയിലാണ് ലീഗ്.