ഇതാണ് മുൺമി ഗൊഗോയ്.,..'ഇരിട്ടിയുടെ മരുമകൾ'. ഏഴ് വർഷം മുമ്പാണ് ഭർത്താവും കണ്ണൂരിലെ ഇരിട്ടി സ്വദേശിയുമായ ഷാജിയ്ക്കൊപ്പം മുൺമി കേരളത്തിലേക്കെത്തുന്നത്. അന്ന് മലയാളത്തിലെ ഒറ്റ വാക്ക് പോലും അറിയില്ലായിരുന്നു. എന്നാൽ ഇന്ന് നല്ല പച്ച വെള്ളം പോലെയാണ് മലയാളം പറയുന്നത്. 24 കാരിയായ മുൺമി അസമിലെ ലാഖിംപൂർ സ്വദേശിനിയാണ്. കേരളത്തിന്റെ മരുമകളായ മുൺമി തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരിട്ടി നഗരസഭ വാർഡ് 11 വികാസ് നഗറിൽ നിന്നും ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുകയാണ്.
തന്റെ മലയാളത്തിന്റെ ക്രെഡിറ്റ് മുൺമി ഭർത്താവിന്റെ അമ്മയ്ക്കാണ് നൽകുന്നത്. ഭർത്താവിന്റെ അമ്മ മുൺമിയോട് മലയാളം മാത്രമായിരുന്നു സംസാരിച്ചിരുന്നത്. ആദ്യം ഒന്നും മുൺമിയ്ക്ക് മനസിലാകില്ലായിരുന്നു. എന്നാൽ ഏഴ് മാസം കൊണ്ട് മലയാളത്തിൽ സംസാരിക്കാൻ മുൺമിയ്ക്ക് കഴിഞ്ഞു.മിസ്ഡ് കോളിലൂടെയാണ് ഷാജിയും മുൺമിയും പരിചയപ്പെട്ടത്. ഒരു അസമീസ് തൊഴിലാളിയെ വിളിച്ചതാണ് ഷാജി. എന്നാൽ നമ്പർ മാറി ലഭിച്ചത് മുൺമിയ്ക്കാണ്.
ആ ഫോൺ കോളിലൂടെയാണ് ഇരുവരുടെയും പ്രണയം മൊട്ടിട്ടത്. ആ പ്രണയം വിവാഹത്തിലെത്തി. ഇന്ന് തനി മലയാളിയാണ് മുൺമി. കേരള സ്റ്റൈൽ ഭക്ഷണം നന്നായി പാകം ചെയ്യും. ആസാമിൽ മുൺമിയുടെ കുടുംബം കോൺഗ്രസ് അനുകൂലികളാണ്. വിവാഹത്തിന് ശേഷമാണ് മുൺമിയ്ക്ക് രാഷ്ട്രിയത്തിൽ താത്പര്യം ഉണ്ടായത്. ഭർത്താവ് ഷാജി ആർ.എസ്.എസ് പ്രവർത്തകനാണ്. മുൺമി രണ്ട് വർഷം പെരിഞ്ചേരി യുവ മോർച്ച യൂണിറ്റ് സെക്രട്ടറിയായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വളരെ സന്തോഷത്തിലാണ് മുൺമി. തന്നെ ഇരിട്ടിയിലെ ജനങ്ങൾ സ്വന്തം മകളെ പോലെ സ്നേഹിക്കുന്നുവെന്നും മുൺമി പറയുന്നു. ആറും നാലും വയസുള്ള രണ്ട് പെൺമക്കൾ ഉണ്ട് മുൺമി - ഷാജി ദമ്പതികൾക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലിയ ആരാധിക കൂടിയാണ് മുൺമി. ഒറ്റമുറി വാടക വീട്ടിൽ താമസിക്കുന്ന മുൺമിയ്ക്ക് വീട് നിർമിച്ച് നൽകുമെന്ന് അറിയിച്ച് നടൻ സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. മുൺമിയെ സുരേഷ് ഗോപി നേരിട്ട് വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. സുരേഷ് ഗോപിയ്ക്ക് മുൺമി നന്ദി അറിയിക്കുകയും ചെയ്തിരുന്നു.