ലണ്ടന്‍: പ്രമുഖ അന്താരാഷ്ട്ര മാദ്ധ്യമമായ ബി.ബി.സി തിരഞ്ഞെടുത്ത ലോകത്തെ പ്രമുഖ 100 വനികളില്‍ ഇന്ത്യയില്‍ നിന്നുള്ളത് നാലു പേരാണ്. അതിൽ പ്രധാനിയാണ് പരിസ്ഥിതി പ്രവര്‍ത്തകയായ പതിനൊന്നുകാരി റിഥിമ പാണ്ഡേ. കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്ര കണ്‍വെന്‍ഷനില്‍ ഗ്രെറ്റ തുംബര്‍ഗ് അടക്കം ലോകമെമ്പാടുമുള്ള 16 യുവ കാലാവസ്ഥാ പ്രവര്‍ത്തകർ ജര്‍മ്മനി, ഫ്രാന്‍സ്, ബ്രസീല്‍, അര്‍ജന്റീന, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കെതിരെ കേസ് നല്‍കിയിരുന്നു.
ഈ 16 കാലാവസ്ഥാ പ്രവര്‍ത്തകരില്‍ ഒരാളാണ് ഇന്ത്യക്കാരിയായ റിഥിമ പാണ്ഡേ. ഉത്തരാഖണ്ഡില്‍ നിന്നുള്ള റിഥിമ സ്വന്തം രാജ്യത്തിനെതിരെ നേരത്തെ കേസ് നല്‍കിയ ആളാണ്. അന്നവള്‍ക്ക് ഒമ്പത് വയസ്സായിരുന്നു പ്രായം. 2017 മാര്‍ച്ചില്‍ നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിനൊപ്പം ചേര്‍ന്നാണ് അവള്‍ കേസ് ഫയല്‍ ചെയ്തത്.
"പരിസ്ഥിതിക്കും കാലാവസ്ഥാ വ്യതിയാനത്തിനും വേണ്ടി ഞാന്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങൾക്ക് ലഭിച്ച അന്താരാഷ്ട്ര അംഗീകാരം എനിക്ക് സന്തോഷവും ആശ്ചര്യവും നൽകുന്നു. ഈ അംഗീകാരം പരിസ്ഥിതിക്കും കാലാവസ്ഥാ വ്യതിയാനത്തിനുമായി പ്രവര്‍ത്തിക്കാനും പോരാടാനും എന്നെ കൂടുതല്‍ പ്രോത്സാഹിപ്പിക്കും, അവ ഇന്ന് ലോകം അഭിമുഖീകരിക്കുന്നതും വരും ദിവസങ്ങളില്‍ അഭിമുഖീകരിക്കുന്നതുമായ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളാണ്", അന്താരാഷ്ട്ര അംഗീകാരത്തോടുള്ള റിഥിമയുടെ പ്രതികരണം ഇപ്രകാരമായിരുന്നു.
ഇന്ത്യയിലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുകയും അവ തടയുന്നതിനായി എന്ത് കരുതലാണ് രാജ്യമെടുത്തത് എന്ന ചോദ്യമുയര്‍ത്തുകയും ചെയ്തിരുന്നു റിഥിമ.
കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാനോ പാരിസ് എഗ്രിമെന്റിലെ കാര്യങ്ങള്‍ നടപ്പില്‍ വരുത്താനോ ഉള്ള നടപടികള്‍ ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിക്കുന്നില്ല എന്ന് കാണിച്ചായിരുന്നു റിഥിമ പരാതി നല്‍കിയത്. പരിസ്ഥിതി പ്രവര്‍ത്തകനാണ് റിഥിമയുടെ അച്ഛന്‍ ദിനേശ് പാണ്ഡേയും. ഉത്തരാഖണ്ഡിലെ ഒരു എന്‍.ജി.ഒയില്‍ പ്രവര്‍ത്തിക്കുകയാണ് ദിനേശ് പാണ്ഡേ. 2013 -ല്‍ ഉത്തരാഖണ്ഡിലുണ്ടായ വെള്ളപ്പൊക്കമാണ് പരിസ്ഥിതിക്ക് വേണ്ടിയുള്ള പോരാട്ടത്തിനിറങ്ങുന്നതിന് അവള്‍ക്ക് കരുത്തായി മാറിയത്. വെള്ളപ്പൊക്കത്തിൽ അയ്യായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.