yogi-adhithya-nath-

ലക്‌നൗ: ലൗ ജിഹാദിന്റെ മറവിൽ മതപരിവർത്തനം നടത്തുന്നത് തടയുന്നതിനായി യു.പി സർക്കാർ ഇറക്കിയ ഓർ‌ഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നൂറിലധികം ലൗജിഹാദ് കേസുകൾ റിപ്പോർട്ട് ചെയ്‌തതിന്റെ അടിസ്ഥാനത്തിൽ ഒരു നിയമനിർമാണം ആവശ്യമായിരുന്നുവെന്നും ക്യാബിനറ്റ് മന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗ് പറഞ്ഞു.

ഓർഡിനൻസ് പ്രകാരം വിവാഹാവശ്യത്തിനായി നിർബന്ധിതമായോ ബലപ്രയോഗത്തിലൂടെയോ മതപരിവർത്തനം നടത്തുന്നത് കുറ്റകരമാണ്. പുതിയ നിയമപ്രകാരം ഫയൽ ചെയ്യുന്ന കേസുകൾക്ക് ജാമ്യം അനുവദിക്കില്ല. വിവാഹ ശേഷം മതപരിവർത്തനം നടത്താൻ ആഗ്രഹിക്കുന്ന ദമ്പതികൾ രണ്ട് മാസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിനെ വിവരമറിയിക്കണമെന്നും ഓർഡിനൻസിൽ പറയുന്നു. കുറ്റം തെളിഞ്ഞാൽ ഓർഡിനൻസ് പ്രകാരം അഞ്ച് മുതൽ പത്ത് വർഷം വരെ തടവോ 15000 മുതൽ 20000 രൂപ വരെ പിഴയോ ലഭിക്കും.

ലൗ ജിഹാദിന്റെ പേരിൽ നടക്കുന്ന നിയമവിരുദ്ധമായ മതപരിവർത്തനം തടയുന്നതിനായി ശക്തമായ നിയമനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതിന് പിന്നാലെയാണ് മന്ത്രിസഭ ഓർഡിനൻസിന് അംഗീകാരം നൽകിയത്. നിർബന്ധിത മതപരിവർത്തനം തടയുകയാണ് നിയമനിർമാണത്തിന്റെ ലക്ഷ്യമെന്നും യു.പി സർക്കാർ അറിയിച്ചു.