ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട നിവർ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുന്നു. അതിതീവ്ര ചുഴലിക്കാറ്റായ നിവർ ഇന്ന് തമിഴ്നാട് തീരം തൊടും. ചുഴലിക്കാറ്റ് തീവ്രത പ്രാപിക്കാൻ ഇടയുള്ള പുതുച്ചേരിയിൽ ഇന്നലെ രാത്രി മുതൽ നിരോധനാജ്ഞ നിലവിൽ വന്നു. നാളെ വരെയാണ് നിരോധനാജ്ഞയുള്ളത്. തമിഴ്നാട്ടിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശ്നബാധിത മേഖലകളിലെല്ലാം കൺട്രോൾ റൂം തുറന്നു. ചെന്നൈയിലും സമീപ പ്രദേശങ്ങളിലുമായി കനത്ത മഴയും കാറ്റും തുടരുകയാണ്. മണിക്കൂറിൽ 120 മുതൽ 145 വരെ കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പേട്ട്, വിഴുപുരം, കാഞ്ചീപുരം, കടലൂർ, മയിലാടുതുറൈ, നാഗപ്പട്ടണം, രാമനാഥപുരം ജില്ലകളിലും പുതുച്ചേരിയിലും ചുഴലിക്കാറ്റ് നാശം വിതച്ചേക്കും. കടലൂരിലും പുതുച്ചേരിയിലുമായി എട്ട് ബറ്റാലിയൻ ദുരന്ത നിവാരണ സേന ക്യാമ്പ് ചെയ്യുന്നുണ്ട്. 24 ട്രെയിൻ സർവീസുകളും ഏഴ് ജില്ലകളിലേക്കുള്ള ബസ് സർവീസുകളും റദ്ദാക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതി വിലയിരുത്തി.
തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. സാഹചര്യം നേരിടാൻ കേന്ദ്രസർക്കാരിന്റെ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.