മോസ്‌കോ: സ്പുട്‌നിക് 5 കൊവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി റഷ്യ. പരീക്ഷണത്തിന്റെ ഭാഗമായ 18,794 പേരില്‍ 39 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും 28 ദിവസത്തിനുശേഷം പരീക്ഷണഫലം വിലയിരുത്തിയപ്പോള്‍ 91.4 ശതമാനവും 42 ദിവസത്തിനുശേഷം വിലയിരുത്തിയപ്പോള്‍ 95 ശതമാനവും ഫലപ്രദമെന്ന് കണ്ടെത്തിയതായി ആര്‍.ഡി.ഐ.എഫ് തലവന്‍.
പരീക്ഷണത്തിന്റെ ഭാഗമായി വാക്‌സിന്‍ എടുത്തവരില്‍ എട്ടു പേര്‍ക്കും മറ്റു മരുന്നുകള്‍ നല്‍കിയവരില്‍ 31 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നാം ഘട്ട പരീക്ഷണവും പൂര്‍ത്തിയായ ശേഷമായിരിക്കും വാക്‌സിന്റെ കാര്യക്ഷമത അന്തിമമായി വിലയിരുത്തുക. ലോകത്ത് ആദ്യമായി അംഗീകാരം ലഭിച്ച കൊവിഡ് വാക്‌സിനാണ് സ്പുട്‌നിക് 5. റഷ്യന്‍ ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് ഗമേലയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ വികസിപ്പിച്ചത്.