delhi-riots

ന്യൂഡൽഹി : ഡൽഹി കലാപക്കേസുമായിൽ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് ഉമർ ഖാലിദ്,​ ഷർജീൽ ഇമാം എന്നിവരെ പ്രതിയാക്കി ഡൽഹി പൊലീസ് സമർപ്പിച്ച പുതിയ അനുബന്ധ കുറ്റപ്പത്രം ഡൽഹി കോടതി അംഗീകരിച്ചു. ഖാലിദ്, ഇമാം, ഫൈസൻ ഖാൻ എന്നിവർക്കെതിരെ യു.എ.പി.എ പ്രകാരം നടപടി സ്വീകരിക്കാനുള്ള മതിയായ വിവരങ്ങളുണ്ടെന്ന് കുറ്റപ്പത്രം പരിഗണിച്ച കോടതി ചൂണ്ടിക്കാട്ടി.

ഫെബ്രുവരിയിൽ അരങ്ങേറിയ കലാപത്തിന്റെ വിശാലമായ ഗൂഢാലോചനയിൽ ഖാലിദും ഇമാമും പങ്കാളികളാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ഡൽഹി പൊലീസ് അനുബന്ധ കുറ്റപ്പത്രം സമർപ്പിച്ചത്. ഇരുവരെയും ഡൽഹി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

വടക്ക് കിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട് 750 ലധികം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കലാപത്തിൽ 53 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 250 ലേറെ കുറ്റപ്പത്രങ്ങൾ സമർപ്പിക്കുകയും 1,153 പേരെ പ്രതി ചേർക്കുകയും ചെയ്തിട്ടുണ്ട്.