haya-princess

ലണ്ടൻ: ദുബായ് ഭരണാധികാരിയും ശതകോടീശ്വരനുമായ ഷെയ്ഖ് മുഹമ്മദ് അൽമക്തൂമിന്റെ മുൻ ഭാര്യ ഹയ രാജകുമാരിയുടെ രഹസ്യ പ്രണയ ബന്ധമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടീഷ് അംഗരക്ഷകനായ റസൽ ഫ്ലവേഴ്‌സ്റ്റുമായി രണ്ട് വർഷത്തിലേറെയായി രാജകുമാരി പ്രണയത്തിലായിരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ഈ രഹസ്യബന്ധം മറച്ചുവയ്ക്കാൻ
കാമുകന് 12 കോടിയോളം രൂപ നൽകുകയും ചെയ്‌തു.ഡെയ് ലി മെയിലാണ് ഇത് സംബന്ധിച്ച
വാർത്ത പുറത്തുവിട്ടത്.

ഇവരുടെ പ്രണയ ബന്ധം അറിയാവുന്ന ദുബായ് രാജകുടുംബത്തിലെ മറ്റ് മൂന്ന് അംഗരക്ഷകർക്കും ഹയ രാജകുമാരി 12 കോടി രൂപ വീതം നൽകിയതായും ഡെയ് ലി മെയിൽ റിപ്പോർട്ടിൽ പറയുന്നു. 12 ലക്ഷം രൂപ വിലയുള്ള വാച്ച്, 49 ലക്ഷം രൂപ വിലയുള്ള തോക്ക് തുടങ്ങി നിരവധി വിലപിടിപ്പുള്ള സമ്മാനങ്ങളും കാമുകനായ അംഗരക്ഷകന് രാജകുമാരി നൽകിയതായും പറയപ്പെടുന്നു. മക്കളുടെ അവകാശവുമായി ബന്ധപ്പെട്ടുള്ള കേസിൽ ലണ്ടനിലെ ഹൈക്കോടതിയിൽ വാദം കേൾക്കുന്നതിനിടെയാണ് ഹയ രാജകുമാരിയുടെ രഹസ്യ ബന്ധം പുറത്തറിയുന്നത്.

അതേസമയം ഇവരുടെ ബന്ധം പുറത്തായതോടെ റസലിന്റെ ഭാര്യ നാലു വർഷം നീണ്ട വിവാഹബന്ധം അവസാനിപ്പിച്ചു. പണവും സമ്മാനങ്ങളും നൽകി തന്റെ ഭർത്താവിനെ ഹയ രാജകുമാരി വശീകരിച്ചുവെന്ന് റസലിന്റെ മുൻ ഭാര്യ ആരോപിച്ചതായും ഡെയ് ലി മെയിലിന്റെ റിപ്പോർട്ടിൽ പറയുന്നു. ഭർത്താവുമായി പിണങ്ങിയ രാജകുമാരി നിലവിൽ മക്കളോടൊപ്പം ലണ്ടനിലെ കെൻസിംഗ്ടണിൽ 850 കോടി രൂപയുടെ വീട്ടിലാണ് താമസം.