
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് രണ്ടാം തരംഗത്തിന്റെ ഉറവിട കേന്ദ്രമായി ഭക്ഷണ ശാലകൾ മാറാൻ സാദ്ധ്യതയുണ്ടെന്ന് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ ഭക്ഷണ ശാലകളുള്ള സംസ്ഥാനമാണ് കേരളമെന്നും ഇതിനാൽ തന്നെ രണ്ടാം കൊവിഡ് തരംഗത്തിന്റെ ഉറവിട കേന്ദ്രങ്ങളായി സംസ്ഥാനത്തെ ഭക്ഷണ ശാലകള്‍ മാറാൻ സാദ്ധ്യതയുണ്ടെന്നും വിദഗ്‌ദ്ധർ പറയുന്നു.
ജാഗ്രതയോടെ മാത്രമെ ഭക്ഷണ ശാലകള്‍ സന്ദര്‍ശിക്കാവൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് നിലവിൽ കൊവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്. എന്നാല്‍ ഈ മഹാമാരി ലോകത്ത് മറ്റ് പ്രദേശങ്ങളില്‍ വ്യാപിച്ചത് എങ്ങനെയാണെന്ന അനുഭവം നമുക്ക് മുന്നിലുണ്ട്. പല പ്രദേശങ്ങളിലും ഒന്നാം തരംഗത്തിന് ശേഷം രണ്ടാമതും മൂന്നാമതും തരംഗങ്ങള്‍ ഉണ്ടായി. ആ ഘട്ടത്തില്‍ ഒന്നാമത്തെ തരംഗത്തെക്കാള്‍ രൂക്ഷമാകുന്ന നിലയും ഉണ്ടായി.
രോഗികളുടെ എണ്ണം കുറയുന്ന ഘട്ടത്തില്‍ ജാഗ്രതയില്‍ വീഴ്ച സംഭവിക്കുകയും ആളുകള്‍ അടുത്ത് ഇടപഴകുകയും ചെയ്യുമ്പോഴാണ് കൊവിഡ് വീണ്ടും ഉച്ഛസ്ഥായിയില്‍ എത്തുന്ന അവസ്ഥ ഉണ്ടായത്. അത് നമ്മുടെ നാട്ടിലും സംഭവിച്ചേക്കാം. അതുകൊണ്ടാണ് ഒരുകാരണവശാലും ശ്രദ്ധ കൈവിടരുതെന്ന് തുടര്‍ച്ചയായി അഭ്യര്‍ത്ഥിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യൂറോപ്പിലും അമേരിക്കയിലും മറ്റുമുണ്ടായ രണ്ടാം തരംഗത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ രോഗവ്യാപനത്തിന്‍റെ പ്രധാന ഉറവിടങ്ങളായി കണ്ടെത്തിയ സ്ഥലങ്ങള്‍ ഭക്ഷണശാലകളും പബ്ബുകളും ആണ്. അതു കണക്കിലെടുത്ത് നിലവില്‍ നമ്മുടെ നാട്ടില്‍ ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ഈ ഘട്ടത്തില്‍ വലിയ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വേണ്ടത്ര നിയന്ത്രണങ്ങളും മുന്‍കരുതലുകളും പാലിക്കാതെ പല ഹോട്ടലുകളും വഴിയോര ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.