തിരുവനന്തപുരം: പാർട്ടിക്കെതിരെ റിബൽ സ്ഥാനാർത്ഥിയായി മകൻ നിൽക്കാനൊരുങ്ങിയതിന് പിന്നാലെ പിതാവിനെതിരെ നടപടി എടുത്ത് സി.പി.എം. തിരുവനന്തപുരം മാറനല്ലൂർ പഞ്ചായത്തിലെ കണ്ടല വാർഡ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടിക്കുള്ളിലെ തർക്കമാണ് പ്രശ്‌നങ്ങൾക്ക് കാരണം.
ആദ്യഘട്ടത്തിൽ ഇടതുമുന്നണിയുടെ പരിഗണനാ പട്ടികയിലുണ്ടായിരുന്ന മുഹമ്മദ് ഷെഫീഖിന് പിന്നീട് സീറ്റ് നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് ഇയാൾ പാർട്ടിക്കെതിരെ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്.
മകൻ സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങിയതോടെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് ലോക്കൽ കമ്മിറ്റിയംഗമായ പിതാവ് ജലാലുദ്ദീനെ പാർട്ടി ഒഴിവാക്കി.വാർഡിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതലയും ജലാലുദ്ദീനായിരുന്നു.
പാർട്ടിക്കെതിരെ മത്സരിക്കുന്നത് തടയാൻ പലരും ആവശ്യപ്പെട്ടെങ്കിലും നോമിനേഷൻ പിൻവലിപ്പിക്കാൻ ഷെഫീഖ് തയ്യാറായില്ല. അതേസമയം ചിലരുടെ വ്യക്തി താത്പര്യങ്ങളാണ് തന്റെ സ്ഥാനാർത്ഥിത്വത്തിന് എതിരായതെന്നും ഷെഫീഖ് ആരോപിച്ചു. ഷെഫീഖ് ഉൾപ്പെടെ മൂന്ന് പേരാണ് മാറനല്ലൂർ പഞ്ചായത്തിൽ സി.പിഎമ്മിന് റിബലുകളായുള്ളത്.