തൃശൂർ:വിവാഹ ശേഷം വീട്ടിലേക്ക് മടങ്ങിയ ദമ്പതികളുടെ കാർ തടഞ്ഞു നിറുത്തി സിനിമ സ്റ്റെെലിൽ വന്ന കാമുകനെ കണ്ട നവവധു ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയി. തൃശൂർ ചെറുതുരുത്തിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പ്രവാസിയുമായുള്ള വിവാഹത്തിന് സമ്മതിച്ച പെൺകുട്ടി കാമുകൻ വന്നുവിളിച്ചതോടെ കൂടെ പോകുകയായിരുന്നു.
ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പെൺകുട്ടി പോകാൻ തയ്യാറായതോടെ ഇത് സംഘർഷങ്ങൾക്കിടയാക്കി. തുടർന്ന് ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി ഇരു കൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അയൽക്കാരനായ യൂബർ ഡ്രൈവറുമായി പെൺകുട്ടി വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇത് പെൺകുട്ടിയുടെ വീട്ടുകാർ എതിർക്കുകയും വേറെ ഒരു വിവാഹം നിശ്ചയിക്കുകയുമായിരുന്നു.
പൊലീസ് സ്‌റ്റേഷനിൽ വച്ചു നടന്ന മദ്ധ്യസ്ഥ ചർച്ചയിൽ കാമുകനൊപ്പം പോകണമെന്ന് പെൺകുട്ടി നിലപാട് സ്വീകരിച്ചു. പെൺകുട്ടിയെ സ്വീകരിക്കാൻ ഭർത്താവും വിസമ്മതിച്ചു. ഇതോടെ നഷ്ടപരിഹാരമായി പെൺവീട്ടുകാർ വരന് രണ്ടര ലക്ഷം രൂപ നൽകി. വിവാഹത്തിനോട് അനുബന്ധിച്ചാണ് പ്രവസിയായ വരൻ നാട്ടിലെത്തിയത്.