nivar-cyclone

ചെന്നൈ :നിവാർ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്കുശേഷം തമിഴ്നാട് തീരം തൊടും. കരയിലേക്ക് പ്രവേശിക്കുമ്പോൾ 120മുതൽ 140 കിലോമീറ്റർ വരെ വേഗമുണ്ടാകും. തമിഴ്നാട്ടിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.ഏഴു ജില്ലകളിൽ പൊതുഗതാഗതം നിർത്തിവച്ചു.

ചെന്നൈ ഉള്‍പ്പെടെയുള്ള തമിഴ്നാട്ടിലെ ഏഴ് ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ചെന്നൈയിൽ നിന്നുള്ള 12 വിമാനങ്ങൾ റദ്ദാക്കി. വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.പുതുച്ചേരിയില്‍ നാളെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. തീര മേഖലകളില്‍ നിന്ന് നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേന, നേവി, കോസ്റ്റ് ഗാര്‍ഡ് സേനാംഗങ്ങളെ ദുരന്ത സാദ്ധ്യതാ മേഖലകളില്‍ വിന്യസിച്ചു.

അതേസമയം കാരയ്ക്കലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഒൻപത് ബോട്ടുകൾ കാണാതായി.മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു.കോസ്റ്റ്ഗാർഡ് തിരച്ചിൽ തുടങ്ങി. ഇന്നലെയാണ് ബോട്ടുകൾ കടലിലേക്ക് പോയത്. ഒൻപത് ബോട്ടുകളിലായി അൻപതിലേറെ മത്സ്യത്തൊഴിലാളികൾ ഉണ്ടെന്നാണ് സൂചന.