stet

തിരുവനന്തപുരം : ഈ വർഷത്തെ മെഡിക്കൽ റാങ്ക് ലിസ്റ്റിൽ പിന്നാക്കക്കാരിലും ഏറെ പിന്നിലായ മുന്നാക്ക വിദ്യാർത്ഥികൾക്കും സർക്കാർ കോളേജുകളിൽ എം.ബി.ബി.എസ് സീറ്റ്. മഞ്ചേരി ഗവ.മെഡിക്കൽ കോളേജിൽ 2482-ാം റാങ്കുകാരന് വരെ മുന്നാക്ക സംവരണ സീറ്റ് ലഭിച്ചു. സംസ്ഥാനത്തെ മെഡിക്കൽ പ്രവേശനത്തിൽ പത്ത് ശതമാനം മുന്നാക്ക സംവരണം നടപ്പിലാക്കിയതോടെയാണിത്.

അതേസമയം, ഈഴവ, മുസ്ലിം വിഭാഗക്കാരിലെ 1500ൽ താഴെ റാങ്കുകാർക്കാണ് സംവരണ സീറ്റ് ലഭിച്ചത്. മുന്നാക്ക സംവരണത്തിലെ റാങ്ക് 2500 വരെയായി ഉയരുകയും ചെയ്തു. സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇത്ര താഴ്ന്ന റാങ്കുകാർക്കും സംവരണ പ്രവേശനം ഇതാദ്യം. മെരിറ്റ് ക്വാട്ടയിൽ പിന്നാക്കക്കാരെ അപേക്ഷിച്ച് മുന്നാക്കക്കാർക്ക് കൂടുതൽ അർഹത ലഭിച്ചിരിക്കെ, പത്ത് ശതമാനം സംവരണത്തിന്.ആളെ തികയ്ക്കാനായിരുന്നു ഇത്.

മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ മുന്നാക്ക സംവരണം വഴി 2482-ാം റാങ്കുകാരൻ പ്രവേശനം നേടിയപ്പോൾ ഈഴവ വിഭാഗത്തിൽ 1492- ഉം, മുസ്ലിം വിഭാഗത്തിൽ 968-ഉം റാങ്കുകാർക്ക് വരെയേ സംവരണ ആനുകൂല്യമുള്ളൂ. സ്റ്റേറ്റ് മെരിറ്റിൽ അവസാന റാങ്ക് 645.

മറ്റ് ഗവ. മെഡിക്കൽ കോളേജുകളിൽ

സംസ്ഥാനത്തെ മറ്റ് ഗവ.മെഡിക്കൽ കോളേജുകളിൽ പിന്നാക്ക,മുന്നാക്ക സംവരണത്തിലെ അവസാന റാങ്ക് ഇങ്ങനെ: (കോളേജ്, മുന്നാക്കം, ഈഴവ,മുസ്ലിം അവസാന റാങ്ക് ക്രമത്തിൽ)

തിരുവനന്തപുരം: 1123-565-408

തൃശൂർ : 1466-774-622

കോട്ടയം : 1241-680-558

കോഴിക്കോട് :786-472-312

എറണാകുളം : 1895-1202-972

കണ്ണൂർ : 2154-1092-970

ആലപ്പുഴ 1773-883-734

പാലക്കാട് 2378-1495-980

കൊല്ലം പാരിപ്പള്ളി : 2406 -1482-975

പാലക്കാട് കോളേജിൽ നിയമവും വഴിമാറി

പട്ടിക ജാതിക്കാർക്കായി സ്ഥാപിച്ച പാലക്കാട് ഗവ.മെഡിക്കൽ കോളേജിലെ 85 എം.ബി.ബി.എസ് സീറ്റിൽ 70 എണ്ണം പട്ടിക ജാതിക്കും, 2 സീറ്റ് പട്ടിക വർഗത്തിനുമാണ്. ബാക്കി 13 സീറ്റ് പൊതു മെരിറ്റിലും. ഇവിടെ പിന്നാക്ക സംവരണം സർക്കാർ അനുവദിച്ചിരുന്നില്ല. കഴിഞ്ഞ അഞ്ച് വർഷവും ഇങ്ങനെയായിരുന്നു പ്രവേശനം. എന്നാൽ, പത്ത് ശതമാനം മുന്നാക്ക സംവരണം വന്നതോടെ സ്ഥിതി മാറി. പിന്നാക്ക സംവരണമുള്ള സ്ഥാപനങ്ങളിലേ മുന്നാക്ക സംവരണം നടപ്പാക്കാവൂ എന്നാണ് സർക്കാർ ഉത്തരവ്. തുടർന്ന് നിയമ ഭേദഗതി വരുത്താതെ തന്നെ പിന്നാക്ക, മുന്നാക്ക സംവരണവും നടപ്പാക്കിയായിരുന്നു പ്രവേശനം.