ന്യൂഡൽഹി: ഡൽഹി മദർ തെരേസ ക്രെസന്റ് റോഡിലെ ഇരുപത്തിമൂന്നാം നമ്പർ വസതിയിൽ രാത്രി ഉണർന്നിരുന്ന് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്ന അഹമ്മദ് പട്ടേൽ ഇനിയില്ല. ഉറങ്ങാതിരുന്ന് രാത്രിയെ പോലും പകലാക്കി മാറ്റുന്ന അഹമ്മദ് പട്ടേൽ നേരം വെളുക്കുമ്പോഴേക്കും ഏത് പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടിരിക്കും. കേരളത്തിലെ കോൺഗ്രസിന്റെ ഏറ്റവും പ്രക്ഷുബ്‌ധമായ കാലത്ത് സംഘടന ചുമതല വഹിച്ചിരുന്ന അഹമ്മദ് പട്ടേലിന്റെ മെയ്‌വഴക്കവും നയാതന്ത്രജ്ഞതയും ഏറ്റവും അടുത്തറിഞ്ഞവരാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളും മാദ്ധ്യമപ്രവർത്തകരും.
എല്ലാ സംഘടന പ്രശ്‌നങ്ങൾക്കും പട്ടേലിന്റെ കൈയിൽ ഒറ്റമൂലിയുണ്ടാകും. നിരന്തരം ഉറക്കമൊഴിച്ചുളള രാത്രി ചർച്ചകൾ മാദ്ധ്യമപ്രവർത്തകർക്കിടയിൽ അഹമ്മദ് പട്ടേലിന് 'അർദ്ധരാത്രി പട്ടേൽ' എന്ന പേരും ചാർത്തി കൊടുത്തു. ഉറക്കമില്ലാതെയുളള ഈ കാകദൃഷ്‌ടിയാണ് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും അമിത്ഷായുടെ എല്ലാ തന്ത്രങ്ങളേയും പൊളിച്ചടുക്കി രാജ്യസഭയിലേക്ക് കടക്കാൻ അഹമ്മദ് പട്ടേലിന് തുണയായത്. പട്ടേലിന്റെ ജീവിതവും ഓരോ ശ്വാസവും കോൺഗ്രസിന് വേണ്ടിയായിരുന്നുവെന്ന് രാഹുൽഗാന്ധി അനുശോചന സന്ദേശത്തിൽ കുറിച്ചത് ഈ ആത്മസപ്പർണത്തിന്റെ ഓർമ്മയിലാണെന്ന കാര്യത്തിൽ തർക്കമില്ല. ഒന്നിനൊന്ന് കോൺഗ്രസ് ദുർബലമാകുന്ന ഈ കാലത്ത് അഹമ്മദ് പട്ടേലിന്റെ വിടവ് പാർട്ടിക്ക് തീരാ നഷ്‌ടമാണ്. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച പട്ടേൽ ഒടുവിൽ കൊവിഡിന് മുന്നിൽ പരാജയപ്പെടുകയായിരുന്നു.
ഗുജറാത്തിലെ ബറൂച്ചിൽ 1976ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തുടങ്ങിയ അഹമ്മദ് ഭായ് മുഹമ്മദ് ഭായ് പട്ടേൽ എന്ന അഹമ്മദ് പട്ടേലിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ വളർച്ച ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. മൃദുഭാഷിയായിരുന്ന അഹമ്മദ് പട്ടേൽ സംഘടന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കണിശക്കാരനായിരുന്നു. എന്നും സോണിയഗാന്ധിയുടെ വിശ്വസ്‌തൻ ആയിരുന്ന പട്ടേൽ അതുകൊണ്ട് തന്നെ പലപ്പോഴും മറ്റ് ഉന്നത നേതാക്കളുടെ അനിഷ്‌ടത്തിന് പാത്രമായി.
കോൺഗ്രസിനെ നയിക്കുന്നതിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നിർണായക ഘട്ടങ്ങളിലെല്ലാം അന്തിമ ആശ്രയം അഹമ്മദ് പട്ടേലിന്റെ ഉപദേശങ്ങളും നിർദേശങ്ങളുമായിരുന്നു. ഒന്നും രണ്ടും യു.പി.എ സർക്കാരിന്റെ രൂപീകരണത്തിലും ഇടതു പാർട്ടികളുമായുളള സഖ്യത്തിലും അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. ഏറ്റവും ഒടുവിലായി മഹാരാഷ്ട്രയിൽ ശിവസേനയുമായി കൈകോർത്ത് അധികാരം പങ്കിടുന്നതിലും അഹമ്മദ് പട്ടേൽ നിർണായക റോൾ ഏറ്റെടുത്തു.
രാഷ്ട്രീയ വൃത്തങ്ങളിൽ 'അഹമ്മദ് ഭായ്' അല്ലെങ്കിൽ എ.പി എന്നറിയപ്പെട്ടിരുന്ന അഹമ്മദ് പട്ടേൽ അണിയറകളിലാണ് രാഷ്ട്രീയ തന്ത്രങ്ങൾ മെനഞ്ഞിരുന്നത്. യു.പി.എ സർക്കാരിന്റെ കാലത്ത് മന്ത്രിസ്ഥാനം പലതവണ വച്ചുനീട്ടിയിട്ടും അത് നിരസിച്ച പട്ടേൽ പിന്നണിയിലെ റോളാണ് എക്കാലവും ഇഷ്‌ടപ്പെട്ടിരുന്നത്. യു.പി.എ സർക്കാരിൽ പ്രണബ് മുഖർജി മുന്നണി പോരാളിയായിരുന്നെങ്കിൽ അണിറയിലെ പോരാളി അഹമ്മദ് ഭായ് ആയിരുന്നു.
കോർപ്പറേറ്റുകളുമായി കാര്യമായ ബന്ധമില്ലാത്ത രാഹുൽഗാന്ധി 2018ൽ കോൺഗ്രസ് അദ്ധ്യക്ഷനായപ്പോൾ പാർട്ടി ട്രഷററായി പട്ടേലിനെ മുൻപന്തിയിലേക്ക് കൊണ്ടുവന്നു. 2019ലെ തിരഞ്ഞെടുപ്പിനെ നേരിടാൻ ഫണ്ട് കണ്ടെത്തുന്നതിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കോൺഗ്രസിന് അനിവാര്യമായിരുന്നു.
2017ൽ അഹമ്മദ് പട്ടേലിന്റെ രാജ്യസഭ പ്രവേശനം ഏറെ രാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പട്ടേലിനെ തോൽപ്പിക്കാൻ രാഷ്ട്രീയ നാടകത്തിലൂടെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആറ് കോൺഗ്രസ് എം.എൽ.എമാർ രാജിവച്ചു. തുടർന്ന് നിയമപോരാട്ടത്തിലൂടെയാണ് പട്ടേൽ ഇതിനെ അതിജീവിച്ചത്.
പല കേസുകളിലും തന്നെ കുടുക്കിയത് പട്ടേലാണെന്ന് അമിത്ഷാ വിശ്വസിച്ചിരുന്നു. അമിത്ഷാ അധികാരത്തിലേറിയ ശേഷം പട്ടേലിന്റെ പിന്നാലെ സാമ്പത്തിക അന്വേഷണ ഏജൻസികൾ എത്തിയതിനെ യാദൃശ്ചികമായി കാണേണ്ടതില്ല. ഏറ്റവുമൊടുവിൽ പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കലാപം ഉയർന്നപ്പോൾ ഗാന്ധി കുടംബം തന്നെ കോൺഗ്രസിനെ നയിച്ചാൽ മതിയെന്ന പ്രതികരണവുമായി വിമത ശബ്‌ദമുയർത്തിവരുടെ നാവടപ്പിച്ചതും ഇതേ അഹമ്മദ് പട്ടേലാണ്.