kerala-covid

തിരുവനന്തപുരം: സംസ്ഥാനത്ത് വാങ്ങിയ ആന്റിജൻ പരിശോധന കിറ്റുകൾക്ക് ഗുണനിലവാരമില്ലെന്ന് വ്യാപക പരാതി. ഇതേ തുടർന്ന് മൈ ലാബ് ഡിസ്‌കവറി സൊലൂഷ്യൻസിൽ നിന്ന് വാങ്ങിയ ഒരു ലക്ഷം കിറ്റുകളിൽ 32,122 കിറ്റുകൾ തിരികെ നൽകാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു . അതേസമയം, കിറ്റ് വാങ്ങിയ ഇനത്തിൽ കമ്പനിക്ക് മുഴുവൻ തുകയും നൽകാൻ ആരോഗ്യ സെക്രട്ടറി ഉത്തരവ് ഇറക്കിയത് വിവാദമായിരിക്കുകയാണ്.

കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടുന്നതിന്റെ ഭാഗമായാണ് കൂടുതൽ ആന്റിജൻ പരിശോധന കിറ്റുകൾ കേരളം വാങ്ങിയത്. മെഡിക്കൽ സർവീസ് കോർപ്പറേഷൻ വഴി പരിശോധന കാർഡ്‌ ഒന്നിന് 459.20 പൈസ നിരക്കിൽ മൈ ലാബ് ഡിസ്‌കവറി സൊലൂഷ്യൻസിൽ നിന്നുമാണ് കിറ്റുകൾ വാങ്ങിയത്. ഒരു ലക്ഷം കിറ്റുകൾക്ക് 45,92,000 രൂപയായിരുന്നു വില. ഇത് ജില്ലകളിലേക്ക് അയക്കുകയും ചെയ്‌തു. ആദ്യ ഗഡു ആയി 22,96,0000 രൂപ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കമ്പനിക്ക് നൽകുകയും ചെയ്തു. എന്നാൽ ഈ കിറ്റുകൾ കൃത്യമായ പരിശോധന ഫലം നൽകിയില്ലെന്ന് ജില്ലകളിൽ നിന്ന് പരാതി ഉയരുകയായിരുന്നു.

പരിശോധനക്ക് എടുത്ത 62,858 കാർഡുകളിൽ 5020 എണ്ണത്തിൽ പ്രശ്‌നം കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് 32,122 കിറ്റുകൾ കമ്പനിക്ക് തിരിച്ചയക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. എന്നാൽ കിറ്റുകൾ ഉപയോഗിച്ചതിനാൽ ബാക്കി തുകയായ 59,04393 രൂപയും കൂടി കമ്പനിക്ക് നൽകാനും ആരോഗ്യ സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു. അതേസമയം, മറ്റ് കമ്പനികളുടെ കിറ്റുകൾ സ്റ്റോക്ക് ഉളളതിനാൽ പരിശോധനകൾ മുടങ്ങില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.