pharmasist

ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും ഒപ്പം തന്നെ ആരോഗ്യസംരക്ഷണത്തിന് തുല്യപങ്ക് വഹിക്കുന്നവരാണ് ഫാർമസി മേഖലയിലുള്ളവർ. രാജ്യമെങ്ങും ദേശീയ ഫാർമസി വാരാചണം നടക്കുകയാണ്. വിദഗ്ദ്ധ സേവനങ്ങളിൽ ഫാർമസി മേഖല ഗണ്യമായി വികസിക്കുകയും ആരോഗ്യപരിരക്ഷയിലെ പ്രാധാന്യമർഹിക്കുന്ന മേഖലയായി മാറുകയും ചെയ്തിട്ടുണ്ട്. പുരാതനകാലം മുതൽ മരുന്നുകൾ തയ്യാറാക്കിയിരുന്നത് നൈപുണ്യമുള്ള പ്രത്യേക വ്യക്തികൾ ആണ്. ഇന്ന് അവരെ 'ഫാർമസിസ്റ്റ്' എന്നു വിളിക്കുന്നു. ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ അവിഭാജ്യഘടകമാണ് ഫാർമസിസ്റ്റ്.

രജിസ്റ്റേർഡ് ഫാർമസിസ്റ്റ്

ഫാർമസി പ്രൊഫഷണൽ പഠനം വിജയകരമായി പൂർത്തിയാക്കി, സംസ്ഥാന ഫാർമസി കൗൺസിൽ ഫാർമസിസ്റ്റിനായുള്ള രജിസ്റ്ററിൽ പേര് ചേർത്തിട്ടുള്ള വ്യക്തിയാണ് രജിസ്‌റ്റേർഡ് ഫാർമസിസ്റ്റ്. ആരോഗ്യ ശൃംഖലയിൽ ഡോക്ടർമാരുടേയും രോഗികളുടേയും തമ്മിലുള്ള പ്രധാന കണ്ണിയായി ഫാർമസിസ്റ്റുകൾ മാറ്റിക്കഴിഞ്ഞു.

മരുന്നുകളുടെ നിർമ്മാണം, വിതരണം, വില്പന, ഉപയോഗം, പാർശ്വഫലങ്ങൾ, പ്രതിപ്രവർത്തനം എന്നീ വസ്തുതകളെ സംബന്ധിച്ച അറിവും അവബോധവും ആർജ്ജിക്കുന്നു എന്നുള്ളതുകൊണ്ടു തന്നെ ആരോഗ്യമേഖലയിൽ 'ഫാർമസിസ്റ്റ്' ഇന്ന് വേറിട്ട വ്യക്തിത്വത്തിന് ഉടമയാണ്.

രാജ്യത്ത് നിർമ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ മരുന്ന് ഉല്പന്നങ്ങളും നിശ്ചിത ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവ സ്വീകാര്യമായ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് നിർമ്മിച്ച് വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കുക എന്നതാണ് ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവാദിത്വം. കൂടാതെ മരുന്ന് ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിനും സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഉപയോഗിക്കുന്ന എല്ലാ സ്ഥലങ്ങളും മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നുവെന്നും ഇത്തരത്തിൽ വിപണിയിൽ എത്തുന്ന മരുന്ന് ഉല്പന്നങ്ങൾ അന്തിമ ഉപഭോക്താവിന് കൈമാറുന്ന സമയംവരെ അവയുടെ ഗുണമേന്മയും ഫലപ്രാപ്തിയും ഉറപ്പാക്കുക എന്നതും ഔഷധഗുണ നിയന്ത്രണ വകുപ്പിന്റെ നിയന്ത്രണത്തിൽ വരുന്നതാണ്.

കമ്മ്യൂണിറ്റി ഫാർമസിസ്റ്റുകൾ

പൊതു ജനങ്ങൾക്കും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവർക്കും മരുന്നുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ വ്യക്തതയോടെ നൽകുന്നതിനുള്ള അറിവും വൈദഗ്ദ്ധ്യവുംപൊതുജനങ്ങളുമായി കൂടുതൽ അടുത്ത് നിൽക്കുന്ന കമ്മ്യൂണിറ്റി ഫാർമസിസ്റ്റിന്റെ പ്രധാന കർത്തവ്യമാണ്. രോഗാവസ്ഥ വിലയിരുത്തുക, മരുന്നുകൾ കൃത്യതയോടെ കഴിക്കുന്നത് സംബന്ധിച്ച് അറിവ് പകരുക, ഡോക്ടറുടെ കുറിപ്പടി പ്രകാരം മരുന്നുകൾ വിതരണം ചെയ്യുക എന്നിവയാണത്.


ഹോസ്പിറ്റൽ ഫാർമസിസ്റ്റുകൾ

ആരോഗ്യ പരിപാലന സംഘത്തിന്റെ ഒരു പ്രധാന ഭാഗമാണ് ഹോസ്പിറ്റൽ ഫാർമസിസ്റ്റുകൾ. ഗവൺമെന്റ് ഹോസ്പിറ്റൽ ,താലൂക്ക് ഹോസ്പിറ്റൽ, പ്രൈവറ്റ് ഹോസ്പിറ്റൽ ഫാർമസികളിൽ ടി ഫാർമസിസ്റ്റുകൾ തങ്ങളുടെ പ്രവർത്തന മേഖലയിൽ വ്യാപൃതരായിരിക്കുന്നു.

ഇൻഡസ്ട്രിയൽ ഫാർമസിസ്റ്റുകൾ
പുതുതായി കണ്ടുപിടിക്കുന്ന മരുന്ന് ഫോർമുലേഷൻ വികസിപ്പിച്ചെടുക്കുന്നതിൽ ഇൻഡസ്ട്രിയൽ ഫാർമസിസ്റ്റ് ഗണ്യമായ പങ്ക് വഹിക്കുന്നു. ഇത്തരത്തിൽ വികസിപ്പിച്ചെടുക്കുന്ന മരുന്നുകൾ ജി.എം.പി. മാനദണ്ഡങ്ങൾക്ക് അനുസൃതമായി സാങ്കേതിക വൈദഗ്ദ്ധ്യം ഉപയോഗിച്ച് നിർമ്മിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലും, മരുന്ന് വിപണിയിൽ കൊടുക്കുന്നതിനുമുമ്പും ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കുന്നു.

പേറ്റന്റ് ആന്റ് ഡ്രഗ്‌സ് രജിസ്‌ട്രേഷൻ
മരുന്ന് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട അംഗീകാരങ്ങൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനും അംഗീകാരം നൽകുന്നതിനുമായി ആവശ്യമായ വൈവിദ്ധ്യമാർന്ന വിവരങ്ങൾ മനസ്സിലാക്കി സംയോജിപ്പിക്കാനും ഒരു ഫാർമസിസ്റ്റ് തികച്ചും യോഗ്യനാണ്.


അക്കാദമിക് ഫാർമസിസ്റ്റ്


അക്കാദമിക് മേഖലകളിൽ, അധ്യാപനം, ഗവേഷണം, പരിശീലനം എന്നിവയിൽ ഫാർമസിസ്റ്റിന്റെ സാന്നിദ്ധ്യം നിലനിൽക്കുന്നു. സെമിനാറുകൾ, പ്രോജക്ടുകൾ, മെഡിക്കൽ വിദ്യാഭ്യാസ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിലൂടെ ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ ഫാർമസിസ്റ്റ് വിലപ്പെട്ട സ്ഥാനം വഹിക്കുന്നു.

(റിട്ട. ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളറാണ് ലേഖകൻ)