pinarayi-vijayan-

തിരുവനന്തപുരം : അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുമെന്ന കടുത്ത വിമർശനത്തിനിടയാക്കിയ വിവാദ കേരള പൊലീസ് നിയമഭേദഗതി പിൻവലിച്ചു കൊണ്ടുള്ള ഓർഡിനൻസ് (റിപ്പീലിംഗ് ഓർഡിനൻസ്) ഇറക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഒരു കാലത്തും ഇടത് സർക്കാരിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയാതിരുന്ന നിയന്ത്രണങ്ങളാണ് പൊലീസ് നിയമഭേദഗതിയിലൂടെ നടപ്പിലാക്കാൻ പിണറായി സർക്കാർ തുനിഞ്ഞതെന്നത് ഏറെ വിചിത്രവും ഞെട്ടിപ്പിക്കുന്നതുമാണ്. വ്യക്തി സ്വാതന്ത്ര്യത്തിന് വേണ്ടി എന്നും മുറവിളികൂട്ടിയിരുന്ന, പൊലീസ് രാജിനെ തെരുവിൽ നേരിട്ട പാർട്ടി അത്തരമൊരു നിയമത്തിന് കൂട്ട് പിടിച്ചതിൽ പാർട്ടിക്കുള്ളിൽ പോലും പ്രതിഷേധമുയർന്നിരുന്നു. ഇടത് സർക്കാരിൽ പാർട്ടിക്കുള്ള നിയന്ത്രണം ഇത്ര ദുർബലമോ എന്നും സി പി എമ്മിന്റെ പ്രവർത്തന രീതി മനസിലാക്കിയിട്ടുള്ളവർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

സർക്കാരിനും മുകളിൽ പാർട്ടി
ഇടതു സർക്കാരുകളെ നിയന്ത്രിക്കാൻ എന്നും പാർട്ടി അതിന്റെ സംഘടനാ സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നു. ഉദ്യോഗസ്ഥൻമാരുടെ ഇഷ്ടങ്ങൾ തങ്ങൾ ഭരിക്കുമ്പോൾ നടപ്പിലാവില്ല എന്ന നിശ്ചയദാർഢ്യം സി പി എം വച്ചു പുലർത്തിയിരുന്നു. കാബിനറ്റിന് മുന്നിലെത്തുന്ന ഫയലുകളിലെ തീരുമാനങ്ങൾ വ്യക്തമായി ചർച്ച ചെയ്ത് പാർട്ടി അനുമതി നൽകിയ ശേഷം മാത്രമേ എത്തിയിരുന്നുള്ളു. ഇതിനായി സിപിഎമ്മിന് ഭരണം കിട്ടിയ കാലത്തെല്ലാം സർക്കാരിനെ നയപരമായ കാര്യങ്ങളിൽ ഉപദേശിക്കാൻ സബ്കമ്മിറ്റിയുണ്ടാക്കാറുണ്ട്. എല്ലാ വെള്ളിയാഴ്ചയും തലസ്ഥാനത്ത് പാർട്ടി ഓഫീസിൽ ചേരുന്ന അവെയ്ലബിൽ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിരീക്ഷണവും ഇത്തരം വിഷയങ്ങളിൽ ഉണ്ടാവാറുണ്ട്. ഇത്തരം പ്രക്രിയകളിലൂടെ കടന്ന് പോയതിന് ശേഷം മാത്രമേ പ്രധാന തീരുമാനങ്ങൾ കാബിനറ്റ് യോഗങ്ങളിൽ എത്താറുള്ളൂ.

വി എസിനെ നിയന്ത്രിച്ചത് വളഞ്ഞിട്ട്
വി എസിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും പാർട്ടി അനുമതിക്കായി പ്രവർത്തകർ തെരുവിലിറങ്ങേണ്ടിവന്ന കാലമുണ്ടായിരുന്നു സി പി എമ്മിന്. ജനകീയ നേതാവിന്റെ പ്രഭയിൽ ഭൂരിപക്ഷമുണ്ടാക്കി സർക്കാർ രൂപീകരിച്ചപ്പോൾ ശക്തിയുള്ള വകുപ്പുകൾ അടർത്തി മാറ്റിയ ദുർബലനായ മുഖ്യമന്ത്രിയാക്കിയാണ് വി എസിനെ പാർട്ടി അവരോധിച്ചത്. ഇതിനൊപ്പം സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ ഇടം വലം നോക്കാതെ പരിശോധിക്കാൻ അഞ്ചംഗസമിതിയെ പാർട്ടി നിയോഗിച്ചിരുന്നു.

പിണറായി എത്തിയപ്പോൾ പാർട്ടി അയഞ്ഞു
ഏറെക്കാലം പാർട്ടിയുടെ നേതൃസ്ഥാനം അലങ്കരിച്ച ശേഷമാണ് പിണറായി വിജയൻ കേരള മുഖ്യമന്ത്രിയായി എത്തിയത്. പാർട്ടിയിൽ വിഭാഗീയ പൂത്തുലഞ്ഞ കാലം അതിനെയെല്ലാം വെട്ടിനിരത്തി അമാനുഷികനായ നേതാവെന്ന്, ഇരട്ടചങ്കനെന്ന് അണികൾ പരസ്യമായി വിളിച്ചിരുന്ന നേതാവ് മുഖ്യമന്ത്രിയായപ്പോൾ പാർട്ടിയുടെ കൈയ്യിൽ നിന്നും നിയന്ത്രണങ്ങൾ ഒരു വേള നഷ്ടമായിരുന്നു. സി പി എം സെക്രട്ടറിയായ കോടിയേരി എത്തിയതോടെ പിണറായി പാർട്ടിയാൽ തിരുത്തപ്പെടാത്ത മുഖ്യമന്ത്രിയായി തീർന്നു. ചുറ്റിലും ഉപദേശക വൃന്ദത്തെ അണിനിരത്തി നടത്തിയ ഭരണത്തിന്റെ ഫലമാണ് വിവാദമായ പോലീസ് നിയമഭേദഗതിയെന്ന് വിലപിക്കുന്നവർ പാർട്ടിക്കുള്ളിൽ തന്നെയുണ്ട് എന്നതാണ് വാസ്തവം. പോലീസ് നയം ആ രംഗത്തെ ഉപദേഷ്ടാക്കളുടെ ഉപദേശമായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.

മന്ത്രിമാരുടെ അധികാരങ്ങൾ പോലും കവർന്നെടുത്ത് മുഖ്യമന്ത്രിയിൽ കേന്ദ്രീകരിക്കാനുള്ള നീക്കങ്ങൾ നടന്നിരുന്നു. ഇതിനൊപ്പം പോലീസിന് കളക്ടർക്കുള്ള ജുഡീഷ്യൽ അധികാരം നൽകാനുള്ള തീരുമാനവും സംസ്ഥാനത്ത് ഏറെ വിവാദമായി. വിമർശിക്കുന്ന മാദ്ധ്യമങ്ങളുടെ നാവടയ്ക്കുവാനുള്ള നീക്കമാണ് പോലീസ് നിയമഭേദഗതിയിലൂടെ സർക്കാർ ഉദ്ദേശിച്ചതെന്ന ആരോപണവും ഇതിനൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.


പാർട്ടി സെക്രട്ടറി എന്നനിലയിൽ പിണറായിയുടെ നേതൃത്വത്തിൽ എ.കെ.ജി. സെന്ററിലും പരിശോധന നടന്നിരുന്നു. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പാർട്ടി സെക്രട്ടറി ചടയൻ ഗോവിന്ദന്റെ നേതൃത്വത്തിലും നിരീക്ഷണമുണ്ടായിരുന്നു. ഓർഡിനൻസ് പുറത്തിറങ്ങിയ വേളയിൽ അതിനെ ചാനലുകളിൽ ന്യായീകരിച്ച പാർട്ടി പ്രതിനിധികളുടെ ഇപ്പോഴത്തെ വൈക്ലബ്യം ട്രോളുകളായി നിറയുന്നതും പാർട്ടി അണികളെ അസ്വസ്ഥരാക്കുന്നുണ്ട്.

സംസ്ഥാന മന്ത്രിസഭയുടെ ചരിത്രത്തിലാദ്യമാണ് ഒരു ഓർഡിനൻസ് പ്രാബല്യത്തിലായ ശേഷം അതുതന്നെ റദ്ദാക്കുന്നതിനായി രണ്ട് ദിവസത്തിനകം മറ്റൊരു ഓർഡിനൻസ് കൊണ്ടുവരുന്നത്. പകർച്ചവ്യാധി നിയന്ത്രണ നിയമത്തിൽ മൂലനിയമത്തിലെ വർഷം തിരുത്തിക്കൊണ്ടുള്ള തിരുത്തൽ ഭേദഗതി ഓർഡിനൻസ് ഇതേ സർക്കാർ സമീപകാലത്ത് കൊണ്ടുവന്നിട്ടുണ്ട്. പൊലീസ് നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി വിമർശനമുയർതോടെയാണ് പിൻവലിക്കാൻ സർക്കാർ തയ്യാറായത്.

ഇന്നലെ മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രിയാണ് പൊലീസ് നിയമഭേദഗതി പിൻവലിക്കൽ ഓർഡിനൻസ് അവതരിപ്പിച്ചത്. നിയമഭേദഗതി ദുരുപയോഗിക്കപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്ന ആശങ്ക പൊതുസമൂഹത്തിലും, ഇടതുമുന്നണിയിലും നിന്നുൾപ്പെടെ ഉയർന്ന സാഹചര്യത്തിൽ ഇത് പിൻവലിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരും ഇതിനെ പിന്തുണച്ചു. കഴിഞ്ഞ മാസം 21ന് ചേർന്ന മന്ത്രിസഭായോഗത്തിലും ആഭ്യന്തര വകുപ്പിന് വേണ്ടി മുഖ്യമന്ത്രിയാണ് വിവാദ ഭേദഗതി ഓർഡിനൻസ് കൊണ്ടുവന്നത്.