ഇസ്ലാമാബാദ്: ബലാത്സംഗം ഉൾപ്പടെ സ്ത്രീകൾക്കെതിരെയുളള കുറ്റകൃത്യങ്ങൾ തടയാൻ പാകിസ്ഥാനിൽ കർശന നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം നടന്ന ക്യാബിനറ്റ് യോഗത്തിൽ നിയമമന്ത്രാലയം അവതരിപ്പിച്ച ആന്റി റേപ് ഓർഡിനൻസിന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അംഗീകാരം നൽകിയതായാണ് വിവരം. എന്നാൽ പുതിയ നിയമം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
ബലാത്സംഗ കേസുകളുടെ അന്വേഷണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും കേസുകളിൽ കാലതാമസം ഒഴിവാക്കുന്നതിനും സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുളള നടപടിക്രമങ്ങൾ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ബലാത്സംഗ കേസുകളിലെ പ്രതികളെ ഷണ്ഡീകരണം നടത്തുന്നത് ഉൾപ്പടെയുളള കർശന നടപടികൾ പുതിയ നിയമമനുസരിച്ച് നിലവിൽ വരും. ലൈംഗിക പീഡന കേസുകളിൽ കാലതാമസം കൂടാതെ പ്രതികളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമുളള വകുപ്പുകളും നിയമത്തിലുണ്ട്.
ബലാത്സംഗ കേസുകളിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്ന് ചില മന്ത്രിമാർ ക്യാബിനറ്റിൽ നിർദേശിച്ചതായാണ് വിവരം. എന്നാൽ പ്രതികളെ ഷണ്ഡീകരിക്കുന്ന നടപടി ഉടനെ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പാർലമെന്റിൽ പുതിയ നിയമം ഉടനെ അവതരിപ്പിച്ച് അംഗീകാരം നൽകാനാണ് ഇമ്രാൻഖാൻ സർക്കാരിന്റെ നീക്കം.
ബലാത്സംഗ കേസുകളിൽ നടപടികൾ വൈകുന്നത് അംഗീകരിക്കാനാവില്ലെന്നും രാജ്യത്തെ പൗരന്മാർക്ക് സുരക്ഷിത സാഹചര്യം ഉറപ്പു വരുത്തേണ്ടത് ആവശ്യമാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. നിയമം വ്യക്തവും സുതാര്യവുമായിരിക്കുമെന്നും കർശനമായി നടപ്പാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. ഇരയായവർക്ക് ധൈര്യപൂർവം പരാതി നൽകാമെന്നും അവരെ സംബന്ധിച്ച പൂർണവിവരം രഹസ്യമായി സൂക്ഷിക്കുമെന്നും ഇമ്രാൻഖാൻ കൂട്ടിച്ചേർത്തു.