k-t-jaleel

തിരുവനന്തപുരം: കെ ടി ജലീലിന്റെ പി എച്ച് ഡി ചട്ടപ്രകാരമെന്ന് കേരളസർവകലാശാല വൈസ് ചാൻസലർ. പി എച്ച് ഡിയിൽ പിഴവുകളുണ്ടെന്ന പരാതി തളളിയ വൈസ് ചാൻസലർ ഗവർണക്ക് റിപ്പോർട്ട് കൈമാറി. പ്രബന്ധം മൗലികമല്ലെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി ഫോറമാണ് ഗവർണറെ സമീപിച്ചത്. മലബാർ ലഹളയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ആലി മുസ്ലിയാരുടേയം പങ്കിനെ കുറിച്ചായിരുന്നു പ്രബന്ധം.

2006ലാണ് ജലീലിന് ഡോക്‌ടറേറ്റ് കിട്ടിയത്. പ്രബന്ധത്തിലെ പല ഭാഗങ്ങളും പകർത്തിയെഴുത്താണെന്നായിരുന്നു പ്രധാനപരാതി. അക്ഷര തെറ്റുകളും വ്യാകരണ പിശകുകളുമുണ്ടെന്നും പ്രബന്ധം പുനപരിശോധിക്കണമെന്നുമായിരുന്നു പരാതിക്കാരുടെ ആവശ്യം.

കെ ടി ജലീലിനെ ദേശീയ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു ഗവേഷണ പ്രബന്ധത്തിൽ തെറ്റുണ്ടെന്ന് കാണിച്ച് സേവ് യൂണിവേഴ്‌സിറ്റി ഫോറം ഗവർണർക്ക് പരാതി നൽകിയത്. തുടർന്നായിരുന്നു പരാതി പരിശോധിക്കാൻ കേരള സർവകലാശാല വി സിയെ ഗവർണർ ചുമതലപ്പെടുത്തിയത്. വി സി പരാതി തളളിയെങ്കിലും ഒരു വിദഗ്‌ദ്ധ സമിതിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ഫോറത്തിന്റെ ആവശ്യം.

പ്രബന്ധം ഇതുവരെ സർവകലാശാലയുടെ സൈറ്റി‌ൽ പ്രസിദ്ധപ്പെടുത്താത്തത് സംശയകരമാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയ്‌ക്ക് എതിരായ പരാതി അന്വേഷിച്ചത് മന്ത്രിയുടെ കീഴിലുളള ഒരു സർവകലാശാലയിലെ വി സിയാണ്. അതുകൊണ്ട് തന്നെ ഈ അന്വേഷണം സുതാര്യമല്ലെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. ഗവർണറുടെ തുടർനീക്കം എന്തായാലും ജലീലിനെ സംബന്ധിച്ച് നിർണായകമാണ്.