google-task-mate

കാശ് സമ്പാദിക്കാൻ കുറുക്കുവഴികൾ തേടുന്നവരുണ്ട്, എന്നാൽ മൊബൈലിലൂടെ നേരെ ചൊവ്വേ മറുപടി നൽകിയാൽ മതി ഇനി അത്യാവശ്യം കറങ്ങാനുള്ള പണം സമ്പാദിക്കാൻ. ഇതിനായി ടാസ്‌ക് മേറ്റ് എന്ന ആപ്പ് ഇന്ത്യയിലിറക്കിയിരിക്കുകയാണ് ഗൂഗിൾ. പ്രധാനമായും ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങളാണ് ഗൂഗിൾ ഉപഭോക്താക്കളിൽ നിന്നും തേടുന്നത്. മാളിന്റെ പാർക്കിംഗ് ഗ്രൗണ്ടിലെ അവസ്ഥ, എത്ര സ്ഥലം ഉണ്ട്, വീൽ ചെയറുകളിൽ വരുന്നവർക്ക് ഉപയോഗിക്കാനാവുന്ന സ്ഥലമുണ്ടോ ? ഇത്തരം നിസാര ചോദ്യങ്ങളാണ് ഗൂഗിൾ നമ്മോട് ചോദിക്കുന്നത്. ഇതിനുള്ള ഉത്തരങ്ങൾ വോയ്സ് ആയും ഫോട്ടോ എടുത്തും നൽകേണ്ടി വരും. നിശ്ചിത സമയത്തിനുള്ളിൽ ഉത്തരങ്ങൾ കൃത്യമായി നൽകുന്നവരുടെ അക്കൗണ്ടിലേക്കാണ് ഗൂഗിൾ പണം അയക്കുന്നത്.

നിലവിൽ ഈ ആപ്ലിക്കേഷന്റെ ബീറ്റാ പതിപ്പാണ് ഇറക്കിയിട്ടുള്ളത്. നമുക്ക് ചുറ്റുമുള്ള സ്ഥലങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുള്ള ടാസ്‌കുകളും ഗൂഗിൾ നൽകും. ഇവിടെ ഇതിനായി പോവുകയോ അല്ലെങ്കിൽ അത്തരം സ്ഥലങ്ങൾ സന്ദർശിക്കുമ്പോഴോ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ മതിയാവും. ഇന്ത്യയിൽ ആപ്പ് അവതരിച്ചുവെങ്കിലും നിലവിൽ മറ്റൊരാളു വഴി റഫർ ചെയ്തു വന്നാൽ മാത്രമേ ഒരാൾക്ക് ഇത് ഉപയോഗിക്കാനാവുകയുള്ളു. താമസിയാതെ നേരിട്ട് ആപ്പ് ഉപയോഗിക്കാനാവുമെന്ന് കരുതാം. സർവേ രീതിയിൽ ചോദ്യം ചോദിച്ച് പണം നൽകുന്ന നിരവധി ആപ്പുകളുണ്ടെങ്കിലും ഗൂഗിളിൽ നിന്നും നൽകുന്ന വാക്കായതിനാൽ പണം അക്കൗണ്ടിൽ വരും എന്നത് ഉറപ്പാണ്.