പട്ന: സംസ്ഥാനത്ത് പുതുതായി അധികാരത്തിലെത്തിയ നിതീഷ് സർക്കാരിനെ താഴെയിറക്കാൻ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ശ്രമിക്കുന്നതായി ബീഹാർ മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദി ആരോപിച്ചു. എൻ.ഡി.എയുടെ എം.എൽ.എമാരെ മഹാസഖ്യത്തിലെത്തിക്കാൻ അഴിമതി കേസിൽ ജയിൽശിക്ഷയനുഭവിക്കുന്ന ലാലു നേരിട്ട് വിളിക്കുകയാണെന്നും മന്ത്രിപദവി വാഗ്ദാനം ചെയ്താണ് ലാലുവിന്റെ ചാക്കിട്ട് പിടിത്തമെന്നും സുശീൽ മോദി ട്വിറ്ററിൽ കുറിച്ചു. ലാലു വിളിച്ചതെന്ന് പറയുന്ന ഫോൺ നമ്പരും അദ്ദേഹം ട്വീറ്റിൽ നൽകി.
കാലിത്തീറ്റ കുംഭകോണ കേസിൽ സിബിഐ കോടതി ജയിൽശിക്ഷ വിധിച്ച ലാലുപ്രസാദ് യാദവ് ഹോത്വാർ സെൻട്രൽ ജയിലിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് സ്ഥലത്തെ റിംസ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ കുറച്ച് നാളുകളായി റിംസ് ഡയറക്ടറുടെ ബംഗ്ളാവിലാണ് ലാലു താമസം. ജാർഖണ്ഡിൽ ഹേമന്ദ് സോറൻ മന്ത്രിസഭയിൽ അംഗമാണ് ലാലുവിന്റെ പാർട്ടിയായ ആർ.ജെ.ഡി
Lalu Yadav making telephone call (8051216302) from Ranchi to NDA MLAs & promising ministerial berths. When I telephoned, Lalu directly picked up.I said don’t do these dirty tricks from jail, you will not succeed. @News18Bihar @ABPNews @ANI @ZeeBiharNews
— Sushil Kumar Modi (@SushilModi) November 24, 2020
ആരോപണം ഉന്നയിച്ച സുശീൽ കുമാർ മോദി ലാലുവിനെതിരെയുളള കാലിത്തീറ്റ കുംഭകോണ കേസ് സി.ബി.ഐയെ ഏൽപ്പിക്കുന്നതിന് മുഖ്യപങ്ക് വഹിച്ചയാളാണ്. ട്വീറ്റിൽ നൽകിയ നമ്പരിൽ വിളിച്ചപ്പോൾ ലാലു തന്നെ ഫോൺ എടുത്തതായും ഇത്തരം പ്രവർത്തികൾ ആവർത്തിക്കരുതെന്ന് താൻ പറഞ്ഞതായും സുശീൽ മോദി പറയുന്നു.
ആഴ്ചകൾക്ക് മുൻപ് മാത്രം നടന്ന ബീഹാർ തിരഞ്ഞെടുപ്പിൽ 125 സീറ്റുകൾ നേടി അധികാരത്തിലെത്തിയത് എൻ.ഡി.എയാണെങ്കിലും ഏറ്റവുമധികം സീറ്റുകളിൽ വിജയിച്ചത് ലാലുവിന്റെ പാർട്ടിയായ ആർ.ജെ.ഡിയാണ് 75. ബിജെപിയ്ക്ക് 74 സീറ്റുകൾ ലഭിച്ചു. നിലവിൽ 14 അംഗ ക്യാബിനറ്റിൽ ബിജെപിയ്ക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരടക്കം ഏഴ് മന്ത്രിമാരുണ്ട്. നിതീഷിന്റെ ജെ.ഡി.യുവിന് 5 മന്ത്രിമാരും എൽഡി.എ ഘടകകക്ഷികളായ ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്കും വികാസ്ശീൽ ഇൻസാൻ പാർട്ടിയ്ക്കും മന്ത്രിസഭയിൽ പ്രാതിനിധ്യമുണ്ട്.