telengana-bjp-chief-

ഹൈദരാബാദ് : തെലങ്കാനയിൽ അനധികൃതമായി താമസിക്കുന്ന അഭയാർത്ഥികളെ പുറത്താക്കുമെന്ന് ബിജെപി എംപി. ഹൈദരാബാദ് കോർപ്പറേഷനിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ അധികാരം കിട്ടിയാൽ നഗരത്തിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികൾ, പാകിസ്ഥാനികൾ, റോഹിംഗ്യകൾ എന്നിവരെ ഉടൻ തുരത്തുമെന്നാണ് തെലങ്കാന ബിജെപി മേധാവി ബന്ദി സഞ്ജയ് പറയുന്നത്. ഇവരെ നുഴഞ്ഞുകയറ്റക്കാർ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. അനധികൃത മാർഗങ്ങളിലൂടെ ഇവിടെ സ്ഥിര താമസമാക്കിയവരുടെ വോട്ടുകൾ വാങ്ങി തിരഞ്ഞെടുപ്പിൽ വിജയിക്കാനാണ് ചില പാർട്ടികൾ ഉദ്ദേശിക്കുന്നത്. എന്നാൽ ഹൈദരാബാദിലേക്ക് ഒരു ബിജെപി മേയറെ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ ഞങ്ങൾ എല്ലാവരെയും പുറത്താക്കും. ഈ നടപടിയെ സർജിക്കൽ സ്‌ട്രൈക്കിനോടാണ് അദ്ദേഹം ഉപമിക്കുന്നത്.

എന്നാൽ ബന്ദി സഞ്ജയുടെ വാക്കുകളെ വിമർശിച്ച് എതിർ പാർട്ടിയിലെ നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്.
വോട്ടുകൾക്ക് വേണ്ടി ഹൈദരാബാദികളുടെ ജീവൻ ബലിയർപ്പിക്കുന്ന സർജിക്കൽ സ്‌ട്രൈക്കുകളെക്കുറിച്ചാണ് ബിജെപി സംസാരിക്കുന്നതെന്ന് മുനിസിപ്പൽ ഭരണ മന്ത്രി കെ ടി രാമ റാവു പറഞ്ഞു. ഹൈദരാബാദുകൾക്കെതിരെയല്ല, ദാരിദ്ര്യം, അഴിമതി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയ്‌ക്കെതിരായ സർജിക്കൽ സ്‌ട്രൈക്കാണ് ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബി ജെ പി നേതാവിനെതിരെ എ ഐ ഐ എം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയും പ്രതികരിച്ചിട്ടുണ്ട്.