പ്രായം കൂടുന്തോറും സൗന്ദര്യ പ്രശ്‌നങ്ങളും കൂടുന്നു.മാർക്കറ്റിൽ കിട്ടുന്ന ക്രീമുകൾ വാങ്ങിയും, ബ്യൂട്ടീപാർലറുകൾ കയറിയിറങ്ങിയുമൊക്കെ പഴയ സൗന്ദര്യം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ഒരുപാടുപേരുണ്ട്. എന്നാൽ പലപ്പോഴും നിരാശയായിരിക്കും ഫലം. കൂടാതെ പോക്കറ്റ് കാലിയാകുകയും ചെയ്യും.
ഇരുപത്തഞ്ച് വയസിന്റെ സൗന്ദര്യം തിരിച്ചുകിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് ചിന്തിക്കാത്തവരുണ്ടാകില്ല. അങ്ങനെയുള്ള ആളുകൾക്ക് സന്തോഷം നൽകുന്ന ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.യൗവനം ഓക്‌സിജൻ സൗന്ദര്യ ചികിത്സയിലൂടെ തിരിച്ചുപിടിക്കാൻ കഴിയുമെന്ന് ഇസ്രയേലിലെ ശാസ്ത്രജ്ഞർ കണ്ടെത്തി എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ടെൽ അവീവ് സർവകലാശാലയിലെയും, ഷമീർ മെഡിക്കൽ സെന്ററിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 64 വയസിന് മുകളിലുള്ള 35 പേരെ വച്ചായിരുന്നു പഠനം. ഇവർക്ക് 90 മിനിറ്റിനിടയിൽ അഞ്ച് തവണ ഹൈപ്പർബാറിക് ഓക്‌സിജൻ ചികിത്സ (എച്ച്ബിഒടി) നൽകി. ഇത് മൂന്നുമാസം തുടർന്നു. ഓക്‌സിജൻ ചികിത്സയ്ക്ക് പിന്നാലെ ഇവരിൽ ക്രോമസോമിന്റെ (ടെലോമറുകൾ) അറ്റങ്ങൾ ചുരുങ്ങുകയും, പഴയ ശരീരകോശങ്ങൾ തിരിച്ചുവരികയും ചെയ്തുവെന്നാണ് പഠനറിപ്പോർട്ട് എന്ന് ഒരു ജേർണലിൽ പറയുന്നു. ടെലോമറുകളുടെ ഡിഎൻഎയുടെ ശ്രേണിയെ ആശ്രയിച്ചിരിക്കും വാർദ്ധക്യം. അവ ക്രോമസോമുകളുടെ അറ്റത്താണ് സ്ഥിതിചെയ്യുന്നത്.
സാധാരണ വായുവിൽ ശ്വസിക്കാൻ കഴിയുന്നതിനേക്കാൾ 3 മുതൽ 4 മടങ്ങ് വരെ കൂടുതൽ ഓക്‌സിജന്റെ അളവുള്ള ഒരു അറയിൽ ഒരു രോഗിയെ പ്രവേശിപ്പിച്ചുകൊണ്ടുള്ള ഒരു തരം തെറാപ്പിയാണ് ഹൈപ്പർബാറിക് ഓക്‌സിജൻ ട്രീറ്റ്‌മെന്റ്. ഡിപ്രഷൻ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഈ ചികിത്സ ഫലപ്രദമാണ്.