ടിക്‌ടോകും, പബ്‌ജിയും ഉൾപ്പടെ ചൈനീസ് ആപ്പുകളെ കേന്ദ്രസർക്കാർ നിരോധിച്ച ശേഷം രാജ്യത്ത് തന്നെ വികസിപ്പിക്കുന്ന ആപ്പുകൾക്ക് വേണ്ടിയുളള പ്രധാനമന്ത്രിയുടെ ആഹ്വാനം വലിയ ആവേശത്തോടെയാണ് രാജ്യത്തെ ടെക് കമ്പനികൾ ഏറ്റെടുത്തത്. ടിക്‌ടോകിന് പകരം ചിങ്കാരി,റോപോസോ,ഖബ്‌രി എന്നിവയുണ്ടായി. എന്തിന് പറയുന്നു ചൈനീസ് കമ്പനി മുഖ്യ ഓഹരി ഉടമസ്ഥരായ പബ്‌ജി നിരോധിച്ചപ്പോൾ അതിന് പകരം ഫൗജി ആപ്പ് തന്നെ നാം പുറത്തിറക്കി. ഇപ്പോഴിതാ അമേരിക്കൻ മൈക്രോ ബ്ളോഗിംഗ് ആപ്പായ ട്വിറ്ററിനും പകരം ആപ്പ് നമ്മൾ ഇന്ത്യക്കാർ പുറത്തിറക്കിയിരിക്കുന്നു. ടൂട്ടർ എന്നാണ് പേര്. അക്ഷരങ്ങളിൽ മാത്രമുളള വ്യത്യാസമല്ല കേട്ടോ ഈ ആപ്പിനുളളത്. ടൂട്ടർ എന്നതിനർത്ഥം ശംഖ്നാദം എന്നാണ്. പേരിനൊപ്പമുളള ശംഖിന്റെ ചിത്രവുമായി എത്തിയിരിക്കുന്ന ആപ്പ് ട്വിറ്റർ, ഫേസ്‌ബുക്ക്, റെഡിറ്റ് എന്നിവയുടെ ഇടയിൽ നിൽക്കുന്ന ഒന്നാണ്.
മറ്റ് പ്രവർത്തനങ്ങളെല്ലാം ട്വിറ്ററിനെ പോലെ തന്നെയാണ് ടൂട്ടർക്ക്. @ ഉപയോഗിച്ച് ഒരു യൂസർനെയിം സൃഷ്‌ടിക്കുകയും മറ്റുളളവരെ ഫോളോ ചെയ്യാനും ഇതിലൂടെ സാധിക്കും.'ടൂട്ടുകൾ' പങ്കുവയ്‌ക്കാം. ഗൂഗിൾ പ്ളേസ്‌റ്റോറിൽ ലഭ്യമായ ടൂട്ടർ പക്ഷെ ഐഫോൺ ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങിയിട്ടില്ല. ചൈനീസ് ആപ്പുകൾ നിരോധിച്ച ജൂൺ മാസത്തിലാണ് ടൂട്ടർ പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, അമിതാഭ് ബച്ചൻ, വിരാട് കൊഹ്‌ലി, സ്‌മൃതി ഇറാനി, യോഗി ആദിത്യനാഥ്,കിരൺബേഡി, രാജ്നാഥ് സിംഗ് എന്നിവർക്ക് ടൂട്ടർ അക്കൗണ്ടുണ്ട്.
ടൂട്ടറിൽ അക്കൗണ്ട് തുടങ്ങിയാലുടൻ ന്യൂസ്, സി.ഇ.ഒ എന്നീ അക്കൗണ്ടുകൾ ഉപഭോക്താക്കളെ പിന്തുടർന്ന് തുടങ്ങും. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിലുളള വലതുപക്ഷ സമൂഹമാദ്ധ്യമമായ 'പാർലെർ' ന് സമാനമാണ് ടൂട്ടർ എന്നും കരുതുന്നവരുണ്ട്. ട്രംപിനെ അനുകൂലിക്കുന്നവരുടെ അക്കൗണ്ടുകളും ടൂട്ടറിൽ ഏറെയുണ്ട്.