ഉന്നതവിദ്യാഭ്യാസവും ഉയർന്ന പദവിയുമുള്ള ആദരണീയനായ വ്യക്തിയായിരുന്നു അദ്ദേഹം. സഞ്ചരിക്കുന്ന വിജ്ഞാനതകോശം എന്നും വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന് ആകാശത്തിന് കീഴേയുള്ള എല്ലാറ്റിനെ കുറിച്ചും സമഗ്രമായ അറിവുണ്ടായിരുന്നു. വീട്ടിൽ പുസ്‌തകങ്ങളോടൊപ്പം ഉണരുകയും പുസ്‌തകങ്ങളുടെ ഇടയിൽ ഉറങ്ങുകയും ചെയ്യുന്ന ഈ മനുഷ്യൻ ജ്ഞാനത്തിന്റെ ഉപാസകനായിരുന്നു. പക്ഷേ, ബുക്കിഷ് നോളജ് മാത്രം സ്വന്തമായുണ്ടായിരുന്ന അയാൾക്ക് പ്രായോഗിക ബുദ്ധി വേണ്ടവണ്ണം ഉണ്ടായിരുന്നില്ല. ഇതു വ്യക്തമാക്കുന്നതിനായി അദ്ദേഹം ഒരു ചെരിപ്പുവാങ്ങാൻ പോയ കഥ വളരെ പ്രസിദ്ധമാണ്.
ഒരു ദിവസം രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് തന്റെ ഷൂ പൊളിഞ്ഞിരിക്കുന്നതായി അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. നടത്തമെന്നത് അദ്ദേഹത്തിന് അന്നു വായിച്ച കാര്യങ്ങൾ വീണ്ടും വീണ്ടും ഉരുവിട്ട് ഓർമയിൽ ഉറപ്പിക്കാനുള്ള വേളയായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ വിപുലമായ വിജ്ഞാനശേഖരം സ്ഥിരമായി സൂക്ഷിക്കുന്നതിന് ഈ പ്രഭാതനടത്തം അത്യന്താപേക്ഷിതമാണ്. അപ്പോഴാണ് ഷൂ പൊട്ടിപ്പൊളിഞ്ഞ കാര്യം അദ്ദേഹം കണ്ടത്. ഇനി പുതിയ ഒരു ഷൂ വാങ്ങാതെ രക്ഷയില്ല. ഏതു ഷൂ വാങ്ങിക്കും? ഏറ്റവും ഭംഗിയുള്ളതും കരുത്തുള്ളതും സുരക്ഷിതവുമായ ഷൂ ഏതാണ്? ഈടുനിൽക്കുന്നതിനൊപ്പം കാലിന് സ്വാസ്ഥ്യം നൽകുന്നതുമായിരിക്കണം ആ ചെരിപ്പ്. ഏതു ചെരിപ്പു വാങ്ങണം എന്ന ചിന്താക്കുഴപ്പം അങ്ങനെ ഉടലെടുത്തു.
ഉടൻ തന്നെ അദ്ദേഹം തന്റെ വിപുലമായ ഗ്രന്ഥശേഖരത്തിൽ നിന്ന് പാദരക്ഷകളെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥങ്ങൾ പുറത്തെടുത്തു. വിവിധതരം പാദരക്ഷകളെ കുറിച്ചും അതിന്റെ നിർമാണസാമഗ്രികളെ കുറിച്ചും ഗുണമേന്മയെ കുറിച്ചുമൊക്കെ അദ്ദേഹം ഒരാഴ്ചയോളം ഗവേഷണം നടത്തി. ചെരിപ്പിനെ കുറിച്ചും ഷൂവിനെ കുറിച്ചും ആധികാരികമായി വസ്‌തുതാപരമായി സംസാരിക്കാൻ കഴിവുള്ള ഒരു വിജ്ഞാനസ്രോതസായി അദ്ദേഹം മാറി. തന്റെ നേട്ടത്തിൽ അദ്ദേഹത്തിന് അഭിമാനം തോന്നി.
പുസ്‌തകത്തിൽ പറയുന്നത് കാലിന്റെ ശരിയായ അളവ് എടത്തുമാത്രമേ ഷൂ വാങ്ങിക്കാൻ പാടൂള്ളൂവെന്നാണ്. അങ്ങനെ അദ്ദേഹം ഒരു സ്കെയിൽ ഉപയോഗിച്ച് തന്റെ കാൽപാദത്തിന്റെ അളവ് കിറുകൃത്യമായി രേഖപ്പെടുത്തി. നഗരത്തിലെ പാദരക്ഷാവ്യാപാര സ്ഥാപനങ്ങൾ കയറിയിറങ്ങി. അവസാനം ഇഷ്ടപ്പെട്ട ഒരു കുട കണ്ടെത്തി. അവിടെ കുറേനേരം പരതിയപ്പോൾ തനിക്ക് അനുയോജ്യമായ ഒരു പാദരക്ഷ തിരഞ്ഞെടുക്കാൻ പറ്റി.
ഷൂവെടുത്തപ്പോഴാണ് അളവെടുത്ത സ്‌കെയിൽ വീട്ടിലാണല്ലോ എന്നയാൾ ഓർത്തത്. വീട്ടിൽ നിന്നും കുറേ അകലെയാണ് ഷൂഷോപ്പ്. എങ്കിലും ആ അളവില്ലാതെ ഷൂ വാങ്ങാൻ കഴിയില്ലല്ലോ. അങ്ങനെ അദ്ദേഹം അളവെടുക്കാനായി വീട്ടിലെത്തി. തിരികെ വന്നപ്പോഴേക്കും കട അടച്ചിരുന്നു. തന്നെയുമല്ല, പൊട്ടിയ പാദരക്ഷ ഉപയോഗിച്ച് നടന്നപ്പോഴേക്കും അതു പൂർണമായും കീറിപ്പോയിരുന്നു. അങ്ങനെ ഷൂ വാങ്ങാൻ കഴിയാതെ നഗ്നപാദനായി അയാൾ വീട്ടിലേക്ക് നടന്നു. പിറ്റേദിവസം രാവിലെ, ഷൂ ധരിക്കാതെ അയാൾ കടയിൽ എത്തി. പക്ഷേ, കഴിഞ്ഞദിവസം തിരഞ്ഞെടുത്തുവച്ചിരുന്ന ഷൂ വിറ്റു പോയിരുന്നു. നിരാശനായ അയാൾ കടയിലെ സെയിൽസ്‌മാനോട് കാര്യങ്ങൾ പറഞ്ഞു. ഈ സംഭവം കേട്ട് അത്ഭുതത്തോടെ സെയിൽസ്‌മാൻ ചോദിച്ചു.
''താങ്കൾ ഇന്നലെ എന്താണ് ഷൂ വാങ്ങാതെ പോയത്?""
''ഞാൻ കാലിന്റെ അളവെടുത്തുവച്ച സ്‌കെയിൽ വീട്ടിൽ മറന്നുവച്ചു. അതെടുക്കാനാണ് പോയത്. ശരിയായ അളവിലുള്ള ഷൂ വാങ്ങണമെന്ന കാര്യത്തിൽ എനിക്ക് നിർബന്ധമുണ്ട്.""
ചിന്താകുഴപ്പത്തിലായ സെയിൽസ്‌മാൻ ചോദിച്ചു.
''അളവെന്തിനാണ്? നിങ്ങളുടെ കാൽപ്പാദം നിങ്ങളോടൊപ്പമില്ലേ? അതിനുപാകമായ ഷൂ ഇട്ടുനോക്കി എടുത്താൽ പോരേ. സ്‌കെയിലുമായി ഷൂ വാങ്ങാൻ പോകേണ്ട കാര്യമുണ്ടോ?""
ഇതുകേട്ടപ്പോൾ അബദ്ധം പിണഞ്ഞതായി അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടു. എങ്കിലും പറഞ്ഞു.
''ഷൂ പാദരക്ഷകളെ കുറിച്ചുള്ള പുസ്‌തകങ്ങളിൽ പറയുന്നത്, കാലിന്റെ ശരിയായ അളവ് എടുത്തുവേണം ഷൂ വാങ്ങേണ്ടത് എന്നാണ്.""
ഇതുകൂടി കേട്ടപ്പോൾ സെയിൽസ്‌മാന് ചിരിയടക്കാൻ കഴിഞ്ഞില്ല. അയാൾ പറഞ്ഞു.
''ഷൂ വാങ്ങാൻ പുസ്‌തകം വായിക്കേണ്ട കാര്യമില്ല. നിങ്ങൾക്ക് ഒരു പാദം വേണം, ഷൂ വാങ്ങാൻ പണം വേണം, ഷൂ ഇട്ടുനോക്കാൻ അൽപ്പം സമയം വേണം. ഇതിനായി ഒരുപാട് പുസ്‌തകങ്ങൾ വായിക്കേണ്ട കാര്യമില്ല.""
കാര്യങ്ങൾ സങ്കീർണമാക്കാനേ ചില അറിവുകൾ ഉപയോഗപ്പെടൂ എന്നർത്ഥം. സൈദ്ധാന്തികമായ അറിവിനേക്കാൾ പ്രായോഗികമായ പരിജ്ഞാനമാണ് പലപ്പോഴും നമ്മുടെ സഹായത്തിനെത്തുക. അനുഭവജ്ഞാനമില്ലെങ്കിൽ എത്ര അറിവുണ്ടായാലും അതുകൊണ്ട് പ്രയോജനമില്ല എന്ന് ഈ കഥ പറയുന്നുണ്ട്.