c

മലയാളികളുടെ ട്രോൾ പേജുകൾക്കും ഇന്റർനെറ്റ് മീമുകളിലൂടെയുള്ള ആക്ഷേപഹാസ്യത്തിനും ചാക്യാർക്കൂത്ത്, ഓട്ടൻതുള്ളൽ തുടങ്ങി അതിസമ്പന്നമായ നമ്മുടെ ആക്ഷേപഹാസ്യ പാരമ്പര്യത്തോളം പഴക്കമുണ്ട്.പണ്ഡിതരായ സദസിനുമുന്നിൽ നിലവാരമുള്ള ഫലിതവും വിമർശനവും അവതരിപ്പിച്ച ചാക്യാർ കൂത്തിൽ നിന്നും വിമതകലയായ തുള്ളൽ ഉടലെടുക്കുകയും കൂടുതൽ ജനപ്രിയമാകുകയും ചെയ്തു. ഏതു സാധാരണക്കാരനും മനസിലാകുന്ന ഭാഷയാ

യിരുന്നു തുള്ളൽക്കഥകളുടെ പ്രത്യേകത.കുഞ്ചൻ നമ്പ്യാർക്കു ശേഷം സാഹിത്യത്തിൽ ഇ.വി കൃഷ്‌ണപിള്ളയും സഞ്ജയനും നടത്തിയ ആക്ഷേപഹാസ്യത്തിലൂടെയുള്ള സാമൂഹ്യവിമർശനം മറ്റൊരു രൂപത്തിൽ ഏറ്റെടുത്തത് മലയാളത്തിലെ കാർട്ടൂണിസ്റ്റുകളായിരുന്നു. കുറഞ്ഞ വരകളിലും കുറിക്കുകൊള്ളുന്ന വാക്കുകളിലും സാമൂഹ്യവിമർശനം നടത്തുന്ന കാർട്ടൂണുകൾക്കു പിന്നാലെ മിമിക്രിയിലൂടെയും ടെലിവിഷൻ ആക്ഷേപഹാസ്യപരിപാടികളിലൂടെയും ഹാസ്യാധിഷ്ഠിതമായ സാമൂഹിക വിമർശനങ്ങൾക്ക് പിന്നെയും രൂപഭാവ പരിണാമം സംഭവിച്ചു. ആ ശ്രേണിയിലെ നവമാധ്യമ ആവിഷ്‌കാരമാണ് സൈബർ ഇടത്തിലെ ട്രോളുകളും മീമുകളും.

ഏറ്റവും ജനപ്രിയമായ വിനോദമാദ്ധ്യമമെന്ന നിലയിൽ മലയാളസിനിമ കാലങ്ങളായി രൂപീകരിച്ച അനുഭവാവിഷ്‌കാരങ്ങളിലൂടെ കേരളത്തിലെ പൊതുസമൂഹം ആർജിച്ചെടുത്ത ഒരുപാട് ഓർമ്മകളുണ്ട്. പൊതുബോധവിജ്ഞാനമെന്നു വിളിക്കാവുന്ന ഈ ഓർമ്മകളാണ് പുതിയ കാലത്തെ ഏറ്റവും സർഗ്ഗാത്മകവും വിമർശനാത്മകവുമായ ജനപ്രതികരണങ്ങൾ എന്ന നിലയിലേക്ക് വളർന്ന ട്രോളുകളുടേയും മീമുകളുടേയും സർഗാത്മക മൂലധനം.സമകാലിക സന്ദർഭത്തിന് യോജിച്ച മീമുകൾ സിനിമയിൽ നിന്നോ ജനപ്രിയസംസ്‌കാരത്തിൽ നിന്നോ കണ്ടെത്തി സർഗാത്മകമായി ബന്ധിപ്പിക്കുന്ന ഈ പ്രകിയ നിലവിലെ രാഷ്ട്രീയ സാമൂഹിക സംഭവങ്ങളെ ജനമനസിൽ ഉണ്ടാകുമെന്ന് ഉറപ്പുള്ള ഇമേജുകളുമായി ബന്ധിപ്പിക്കുന്ന കാർട്ടൂണിസ്റ്റിന്റെ ചിന്തയുമായി ഏറ്റവും അടുത്തുനിൽക്കുന്നു.

വി.കെ.എൻ കൃതികളിലൂടെ മലയാളിക്ക് പരിചിതമാണ് ഹൈപ്പർ ടെക്സ്റ്റുകൾ. ഹൈപ്പർടെക്സ്റ്റുകൾക്ക് ഏറ്റവും മികച്ച ഉദാഹരണമാണ് നമ്മുടെ പുരാണേതിഹാസങ്ങൾ. ഉർവശീശാപം ഉപകാരം, ഭഗീരഥപ്രയത്നം, ബാലികേറാമല, ലക്ഷ്‌മണരേഖ, ശരശയ്യ, ഒളിയമ്പ്, കുംഭകർണസേവ, ധൃതരാഷ്ട്രാലിംഗനം തുടങ്ങി ഇന്നും രാഷ്ട്രീയചർച്ചകളിൽ പ്രയോഗിക്കുന്ന പല വാക്കുകൾക്കും പുരാണത്തിലേക്ക് നീളുന്ന അദൃശ്യമായ ഒരു കണ്ണിയുണ്ട്. പുരാണത്തിലെ ഈ കഥകളുടെ പിന്നാലെ പോയാൽ ഇത്തരം അനവധി കണ്ണികളിലൂടെ മറ്റ് വലിയ കഥകളിലാണ് എത്തുക. ഇങ്ങനെ പരസ്പരബന്ധിതമായ കഥകളുടെ സങ്കീർണമായ കണ്ണികൾ എല്ലാ വായനക്കാർക്കും പിടികിട്ടണമെന്നില്ല. എന്നാൽ റഫറൻസുകൾ നേരിട്ടു ചേർക്കാതെ തന്നെ, ഹൈപ്പർ ലിങ്കുകൾ പോലും നൽകാതെ, ഇങ്ങനെ ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് വായനക്കാരനെ എത്തിക്കാൻ കഴിയുന്നു എന്നുള്ളതാണ് ഹൈപ്പർ ടെക്സ്റ്റിന്റെ പ്രസക്തി.

cc

ഇത്തരം ഹൈപ്പർടെക്സ്റ്റുകൾ ഉപയോഗിച്ച് ആശയവിനിമയം ചെയ്യുക എന്നതാണ് ടെക്സ്റ്റ് ബേസ്ഡ് മീമുകൾ ചെയ്തുവരുന്നത്.ജനപ്രിയസിനിമകളിൽ നിന്നുള്ള പ്രശസ്തമായ ഡയലോഗുകൾക്കും തമാശകൾക്കും മാറ്റം വരുത്തി നിലവിലെ രാഷ്ട്രീയ സാമൂഹ്യ സംഭവവികാസത്തിലേക്ക് ആക്ഷേപഹാസ്യരൂപത്തിൽ സർഗാത്മകമായി സന്നിവേശിപ്പിക്കുക എന്നതാണ് മീമുകളുടെ രസതന്ത്രം.എത്ര മനോഹരമായ നടക്കാത്ത സ്വപ്നം,എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ, നീ പോ മോനേ ദിനേശാ,ഇതാണാ രേഖ,പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്,സെൻസ് വേണം സെൻസിബിലിറ്റി വേണം,എന്നെ കൊല്ലാതിരിക്കാൻ പറ്റ്വോ? തുടങ്ങി ഒരു വാക്കിൽ നിന്നോ വാചകത്തിൽ വായനക്കാരന്റെ മനസ്സിൽ രൂപപ്പെടുന്ന ജനപ്രിയസിനിമാ ദൃശ്യങ്ങളിലേക്കാണ് സമകാലിക രാഷ്ട്രീയ സംഭവങ്ങളെ ബന്ധപ്പെടുത്തുന്നത്.ഇത് ആശയവിനിമയത്തിന് വളരെയധികം എളുപ്പമുണ്ടാക്കുന്നു.താത്വികമായ ഒരു അവലോകനമാണ് ഞാനുദ്ദേശിക്കുന്നത് എന്ന ഒറ്റവാചകത്തിലൂടെ 1991ൽ പുറത്തിറങ്ങിയ സന്ദേശം എന്ന സിനിമയിലെ ശങ്കരാടിയേയും ഇതാണാ രേഖ എന്ന വാചകത്തിലൂടെ 1992ൽ പുറത്തിറങ്ങിയ വിയറ്റ്നാം കോളനിയിലെ ശങ്കരാടിയുടെ കഥാപാത്രത്തേയും ജനത്തിന്റെ ഓർമ്മയിൽ കൊണ്ടുവരാൻ സാധിക്കുന്നു.ശങ്കരാടിയുടെ ചിത്രം ഉപയോഗിക്കാതെ തന്നെ ജനത്തിന്റെ മനസിലുള്ള ആ സിനിമാദൃശ്യങ്ങളിലേക്ക് റഫറൻസ് നൽകാൻ സാധിക്കുന്നു. ഇത്തരത്തിൽ സിനിമകളിൽ നിന്നും മറ്റുമുള്ള ഏതെങ്കിലും രംഗത്തെ സൂചിപ്പിക്കുമ്പോൾ പരാമർശിക്കുന്ന രംഗം ചേർക്കാതെ ഈ വാചകങ്ങൾക്കൊപ്പം ശങ്കരാടി. JPG എന്ന രീതിയിൽ എക്സ്റ്റൻഷനുകൾ ഉപയോഗിക്കുന്നതും പതിവായി. വായനക്കാർ പ്രസ്തുതരംഗം മനസ്സിൽ കാണണം എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ചിത്രങ്ങൾ ഉപയോഗിച്ചുള്ള മീമുകൾക്ക് കുറേക്കൂടി എളുപ്പത്തിൽ സംവേദനം സാധ്യമാകുന്നു.ജനപ്രിയസിനിമകളിൽ നിന്നുള്ള ദൃശ്യങ്ങളും കഥാപാത്രങ്ങളുടെ ഭാവങ്ങളും വാക്കുകളും ഒത്തിണക്കി അതിവേഗം ആശയവിനിമയം നടത്താൻ മീമുകൾക്കാവുന്നു.വാക്കുകളുടെ സഹായമില്ലാതെ ജനങ്ങൾക്ക് സുപരിചിതമായ കഥാപാത്രങ്ങളുടെ ഭാവത്തിലൂടെ മാത്രം ഒരു രാഷ്ട്രീയ വിഷയത്തോടോ ആനുകാലിക സംഭവത്തോടോ ഭരണാധികാരിയുടെ നിലപാടിനോടോ ഉള്ള ജനത്തിന്റെ പ്രതികരണം നൽകാൻ ഇത്തരം മീമുകൾക്ക് സാധിക്കുന്നു. വിവിധ രാഷ്ട്രീയ വിഷയങ്ങളിൽ പിക്ചർ കമന്റുകളിലൂടെയുള്ള ഭാവാത്മക പ്രതികരണങ്ങൾക്ക് പുറമേ ഇത്തരം മീമുകളിൽ വാക്കുകൾ ചേർത്ത് പുതിയ ആശയങ്ങൾ ഉണ്ടാക്കുന്ന രീതിയും പ്രചാരത്തിലായി.ഇത്തരത്തിൽ ജനമനikൽ സ്ഥാനം നേടിയ ചിത്രങ്ങൾ മാത്രമല്ല,പുരാണങ്ങൾ, ഫോട്ടോഗ്രാഫുകൾ,സിനിമാ ഡയലോഗുകൾ,കഥകൾ, ദൃശ്യങ്ങൾ, പരസ്യവാചകങ്ങൾ,സിനിമാ ഗാനങ്ങൾ, പ്രശസ്തരുടെ വചനങ്ങൾ എന്നിവയെല്ലാം പരിണാമങ്ങൾക്ക് വിധേയമായി തീർത്തും വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യങ്ങളെ ചർച്ചചെയ്യാനോ കളിയാക്കാനോ മീമുകളിൽ ഉപയോഗിക്കപ്പെടാൻ തുടങ്ങി. ജനമനസ്സിൽ ഉണ്ടായിരിക്കും എന്നുറപ്പുള്ള ഇമേജുകളുമായി നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ ബന്ധപ്പെടുത്തി ദിനപ്പത്രത്തിലെ കാർട്ടൂണിസ്റ്റ് കാർട്ടൂണുകൾക്ക് ആശയം കണ്ടെത്തുന്നതിന് സമാനമായ രീതിയിലായിരുന്നു ഇത്.