വാഷിംഗ്ടൺ: സ്കൂളിൽ പോയി പഠിക്കുക മാത്രമല്ല, വേണമെങ്കിൽ പലചരക്ക് കട നടത്തുകയും ചെയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കൻ സംസ്ഥാനമായ ടെക്സാസിലെ സാങ്കറിലെ ലിൻഡ ടത്ത് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂൾ അധികൃതർ ചില പ്രാദേശിക സംഘടനകളുടെ സഹായത്തോടെയാണ് സ്കൂളിന് സമീപം കുട്ടികൾ നടത്തുന്ന ഒരു കട ആരംഭിച്ചത്.
ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും ഈ കടയിലുണ്ട്. വിദ്യാർത്ഥികൾക്കും സ്റ്റാഫുകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയാണ് കട തുറന്നിരിക്കുന്നത്. ഇത് എല്ലാം ഇന്ന് അവരുടെ പാഠ്യപദ്ധതിയുടെ ഭാഗമായി മാറി കഴിഞ്ഞിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം.
വിദ്യാർത്ഥികളിൽ അധികവും സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണ്. അവരുടെ വീട്ടിലേക്ക് ഷോപ്പിംഗ് നടത്താനുള്ള ഒരു വേദിയായി കൂടി ഇത് മാറും. കഠിനാധ്വാനത്തിലൂടെയാണ് കുട്ടികൾ ഷോപ്പിനെ കൊണ്ട് പോകുന്നതെന്ന് പ്രിൻസിപ്പൽ ആന്റണി ലവ് പറഞ്ഞു.
കൊവിഡ് കാലമായതിനാൽ തിങ്കളാഴ്ച്ച മുതൽ ബുധനാഴ്ച്ച വരെ സ്കൂളിലെ വിദ്യാർത്ഥികൾക്കും സ്റ്റാഫിനും വേണ്ടി കട തുറന്നിരിക്കും. സ്റ്റോറിൽ എത്തുന്ന സാധനങ്ങളുടെ കണക്കുകൾ സൂക്ഷിക്കുന്നതും വിദ്യാർത്ഥികൾ തന്നെയാണ്. ഹൈസ്കൂൾ ബിരുദം നേടി സമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ തൊഴിൽ നൈപുണ്യമുള്ളവരായി കുട്ടികൾ മാറുമെന്ന് അദ്ധ്യാപകർ പറയുന്നു.