akkulam

തിരുവനന്തപുരം: മാലിന്യങ്ങളും കുളവാഴകളും നിറഞ്ഞ് മലിനമായി കാലങ്ങളായി അവഗണനയുടെ പ്രതീകമായി കിടക്കുന്ന ആക്കുളം കായലിന്റെ നവീകരണത്തിന് തുടക്കത്തിൽ തന്നെ കല്ലുകടി. പദ്ധതി നടത്തിപ്പിന് അനുയോജ്യരായ കരാറുകാരെ കിട്ടാത്തതാണ് പദ്ധതി തുടങ്ങുന്നതിന് വിഘാതമായിരിക്കുന്നത്. ആക്കുളം കായലിന്റെയും കണ്ണമ്മൂല മുതലുള്ള കൈത്തോടുകളുടെയും സമ്പൂർണ നവീകരണം ലക്ഷ്യമിട്ട് ടൂറിസം വകുപ്പാണ് കിഫ്ബിയിൽ നിന്ന് 64.13 കോടി രൂപ ചെലവിട്ട് നവീകരണ പദ്ധതി തയ്യാറാക്കിയത്. പരിസ്ഥിതി സൗഹാർദ്ദ സാങ്കേതികവിദ്യകളുടെ സഹായത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം.

കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് കീഴിലുള്ള വാപ്‌കോസിനെയാണ് സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രത്യേക ഉദ്ദേശ്യ കമ്പനി (സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ)​ ആയി തിരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതി ടെണ്ടർ ചെയ്തെങ്കിലും ആരും കരാറെടുക്കാൻ വരാതിരുന്നതിനെ തുടർന്ന് കരാർ നടപടികൾ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. പദ്ധതിയുടെ സങ്കീർണത കാരണമാണ് നവീകരണത്തിന് ഒരു കമ്പനികളും മുന്നോട്ട് വരാത്തതിന് കാരണമെന്ന് അധികൃതർ പറയുന്നു.

രൂപരേഖ ബാർട്ടൺ ഹിൽ എൻജി. കോളേജിന്റേത്

പദ്ധതിയുടെ രൂപരേഖ ബാർട്ടൺ ഹിൽ എൻജിനിയറിംഗ് കോളേജിലെ ട്രാൻസിഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററാണ് തയ്യാറാക്കിയത്. കായലിലെ മാലിന്യങ്ങളും പായലും നീക്കി വൃത്തിയാക്കി തെളിഞ്ഞ ജലമാക്കി മാറ്റുന്നതിന് മുൻഗണന നൽകുന്നതാണ് പദ്ധതി. ആക്കുളം കായലിൽ നിലവിൽ മണ്ണ് ഉയർന്നുകിടക്കുന്ന ഭാഗം ഹരിതാഭമായ ചെറുദ്വീപാക്കി മാറ്റി അതിൽ സ്വാഭാവികമായ ജലശുചീകരണ മാർഗങ്ങൾ ഒരുക്കും. ഇതിനൊപ്പം തന്നെ കായലിലെ ബോട്ടിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിക്കുന്ന പ്രവൃത്തിയും നടത്തും. കായലിലേക്കു വന്നുചേരുന്ന ഉള്ളൂർ തോട്, പട്ടം തോട്, പഴവങ്ങാടി തോട്, മെഡിക്കൽ കോളേജ് തോട് എന്നിവയുടെ നിശ്ചിതദൂരത്തിന്റെ നവീകരണം കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ ബോട്ടിംഗ് പുനരാരംഭിക്കുകയും സാഹസിക വാട്ടർ സ്‌പോർട്സ് ഇനങ്ങൾക്ക് പ്രാധാന്യം നൽകിയും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനുമാകും.

210 ഏക്കർ

210 ഏക്കറിലായാണ് ആക്കുളം കായൽ വ്യാപിച്ചു കിടക്കുന്നത്. ഉള്ളൂർ, പട്ടം, പഴവങ്ങാടി, മെഡിക്കൽ കോളേജ്, തെറ്റിയാർ എന്നിവ ചേരുന്നതാണ് ആക്കുളം കായൽ. കായലിന്റെ 50 ശതമാനവും ഇപ്പോൾ കൈയേറിയ നിലയിലാണ്. നിലവിൽ കായൽ ഉൾപ്പെടുന്ന പ്രദേശം 31.06 സെന്റായി ചുരുങ്ങിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 9.86 സെന്റാണ് കൈയേറിയത്.

മുൻഗണന
 കായലിലെ മാലിന്യങ്ങളും പായലും നീക്കി തെളിഞ്ഞ ജലമാക്കി മാറ്റുക

 നിലവിൽ മണ്ണ് ഉയർന്നു കിടക്കുന്ന കായൽ ഭാഗം ഹരിതാഭമായ ചെറു ദ്വീപാക്കി മാറ്റി ജലശുചീകരണ മാർഗങ്ങൾ ഒരുക്കുക

 കായലിലെ കുളവാഴയും മാലിന്യങ്ങളും നീക്കം ചെയ്യൽ

 ആക്കുളം പാലത്തിന് കീഴിലുള്ള ബണ്ട് മാറ്റൽ

 കായലിലെ ബോട്ടിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിക്കുക

 ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ആംഫി തിയേറ്റർ, മാലിന്യ സംസ്‌കരണ സംവിധാനം, കുന്നിൻമുകളിൽ സഞ്ചാരികൾക്കായുള്ള ഇരിപ്പിടം

 റെസ്റ്റോറന്റ് ബ്ലോക്കിന് അനുബന്ധമായി 12ഡി തിയേറ്റർ, മ്യൂസിക്കൽ ഫൗണ്ടൻ

 ബാംബൂ ബ്രിഡ്ജ്

 ഗ്രീൻ ബ്രിഡ്ജ്

 പരിസ്ഥിതി മതിലുകൾ

 ഇടനാഴികൾ

 കല്ലുകൾ പാകിയ നടപ്പാതകൾ

 സൈക്കിൾ ട്രാക്ക്