തിരുവനന്തപുരം: സംസ്ഥാനത്തെ 10,പ്ളസ് ടു ക്ളാസുകളിലെ അദ്ധ്യാപകർ ഡിസംബർ 17 മുതൽ സ്‌കൂളിലെത്തണമെന്ന് സർക്കാർ നിർദ്ദേശം. ഒരുദിവസം അൻപത് ശതമാനം അദ്ധ്യാപകർ എന്ന കണക്കിനാകണം ഹാജരാകേണ്ടത്. ഈ ക്ളാസുകളിലെ കുട്ടികൾക്ക് പഠന പിന്തുണ അദ്ധ്യാപകർ കൂടുതൽ ശക്തമാക്കണമെന്നാണ് സർക്കുലറിലുളളത്. പരീക്ഷാ കാലത്തിന് മുൻപുളള റിവിഷൻ ക്ളാസുകൾക്ക് വേണ്ട തയ്യാറെടുപ്പുകൾ നടത്തണം. 10,പ്ളസ് ടു വിദ്യാർത്ഥികൾക്കുളള ഡിജിറ്റൽ ക്ളാസ് ജനുവരി മാസത്തോടെ പൂർത്തിയാക്കണം. ജനുവരി 15ഓടെ പത്താംക്ളാസിനും 30ഓടെ പ്ളസ്‌ടുവിനും ഡിജിറ്റൽ ക്ളാസുകൾ പൂർത്തിയാകുന്ന തരത്തിലാണ് ക്രമീകരണം.
ഇന്നലെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ ദുരന്ത നിവാരണ അതോറിറ്റി ട്യൂഷൻ ക്ളാസുകളും കമ്പ്യൂട്ടർ സെന്ററുകളും നൃത്ത വിദ്യാലയങ്ങളും എല്ലാം കൊവിഡ് ചട്ടപ്രകാരം സംസ്ഥാനത്ത് തുറക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ സ്‌കൂളുകൾക്ക് തുറക്കാൻ അനുമതി നൽകിയിരുന്നില്ല.
ലോക്ക്ഡൗൺ ഇളവുകൾ നൽകുന്നതിന്റെ ഭാഗമായി സെപ്‌തംബർ 21ന് സ്‌കൂളുകൾ തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ തീരുമാനം സംസ്ഥാനങ്ങൾക്ക് വിട്ടു.