പേരാവൂർ: അതിരാവിലെ കതിരണിയുക, ഉച്ചയാകുമ്പോഴേക്കും പാലുറയ്ക്കും. സൂര്യൻ അസ്തമിക്കുമ്പോഴേക്കും മൂപ്പെത്തി കൊഴിഞ്ഞു വീഴും. ഇങ്ങനെ ആരെയും അതിശയിപ്പിക്കുന്ന ഒരു നെൽച്ചെടി ഇവിടെയുണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയാണ് തില്ലങ്കേരിയിലെ ജൈവകർഷകനായ ഷിംജിത്ത്. അന്നൂരി എന്നാണ് വിശേഷപ്പെട്ട ഈ നെൽച്ചെടിയുടെ പേര്. വിളഞ്ഞ ദിവസം തന്നെ കൊഴിഞ്ഞു വീഴുന്നതിനാലാണ് ഇതിന് അന്നൂരി നെല്ല് എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു.
ധാരാളം ഔഷധഗുണമുള്ള ഈ നെല്ല് ഒരു കാലത്ത് ആദിവാസികൾ മരുന്നായി ഉപയോഗിച്ചിരുന്നു. വസൂരി വന്ന കാലത്ത് ഒരു പ്രതിരോധ മാർഗ്ഗമെന്ന നിലയിൽ ഈ നെല്ല് പ്രയോജനപ്പെടുത്തി. നെല്ലിന്റെ ഓല വെള്ളത്തിലിട്ട് തിളപ്പിച്ച് ആവി കൊള്ളുതോടൊപ്പം പുഴുങ്ങിയ ഓല തഴപ്പായിൽ വിരിച്ച് രോഗിയെ ഇതിൽ കിടത്തും. അന്നൂരി നെല്ല് വറുത്ത് മലരെടുത്ത് വെള്ളം തിളപ്പിച്ച് കുടിക്കാൻ കൊടുക്കും. അരി കൊണ്ട് കഞ്ഞി വെച്ചും കൊടുക്കും. ഒരാഴ്ചകൊണ്ട് രോഗശമനം ലഭിച്ചിരുന്നതായി പഴമക്കാരുടെ അനുഭവസാക്ഷ്യം. കേരളത്തിൽ ശബരിമല പോലെയുള്ള പ്രദേശങ്ങളിലെ ഉൾവനങ്ങളിൽ മാത്രം അപൂർവ്വമായി കാണപ്പെടുന്ന ഈ നെല്ല് ഇന്ന് വംശനാശ ഭീഷണി നേരിടുകയാണ്. ഒരു കൃഷിയെന്ന നിലയിലുള്ള പരിഗണന ലഭിക്കാതിരുന്നതാണ് പ്രധാന കാരണം. അന്നൂരി നെല്ല് പാകി ഒരുമാസം കഴിയുമ്പോഴേക്കും കതിരുവരും. ഒരു ദിവസം കൊണ്ട് പാകമാകുന്ന ഈ നെല്ലിന് എല്ലാ ദിവസവും കതിരു വരുമെന്നതാണ് മറ്റൊരു പ്രത്യേകത. ജൈവകർഷകനായ ഷിംജിത്ത് തില്ലങ്കേരിക്ക് പത്തനംതിട്ടയിൽ നിന്നാണ് കോഴി നെല്ലെന്നും പേരുള്ള അന്നൂരി നെൽവിത്ത് ലഭിച്ചത്. പെട്ടെന്ന് നശിച്ചുപോകാത്ത ഈ നെല്ല് നട്ട് മുളച്ചു കഴിയുമ്പോൾ ചുവട്ടിൽ ധാരാളം ചെനപ്പുകളുണ്ടായി പടരുകയും ചെയ്യും.
തന്റെ കൃഷിയിടത്തിലെ രണ്ടക്കറോളം വരുന്ന സ്ഥലത്താണ് അപൂർവ്വ ഔഷധസസ്യങ്ങൾ നട്ട് സംരക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ഷിംജിത്ത്. കരിനെല്ല്, രക്തശാലി തുടങ്ങിയ അപൂർവ്വമായിട്ടുള്ള നാടൻ നെൽവിത്തുകൾ ക്കൊപ്പം വിളക്ക് തിരിക്ക് പകരം പച്ചയ്ക്ക് തന്നെ ഉപയോഗിക്കാവുന്ന അഗ്നിപത്രി തുളസി, ചുവന്ന നിറത്തിലുള്ള ജെൽ ഉള്ളതുൾപ്പെടെ ഏഴ് ഇനം കറ്റാർവാഴകൾ, ആരോഗ്യ പച്ച, ഗരുഡ പച്ച, വെള്ളപ്പൂവുള്ള മുക്കുറ്റി, പാമ്പുകടിയേറ്റാൽ ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന നാഗ വെറ്റില ഇങ്ങനെ അത്യപൂർവ്വമായി മാത്രം കാണാൻ കഴിയുന്ന ഔഷധസസ്യങ്ങളുടെ ഒരു വലിയശേഖരം തന്നെയുണ്ട് ഷിംജിത്തിന്റെ ഔഷധത്തോട്ടത്തിൽ. വിദേശത്തു നിന്നും സ്വദേശത്തു നിന്നും പ്രമുഖരുൾപ്പെടെ ധാരാളം പേർ പഠിതാക്കളായി ഇവിടെ എത്തുന്നതും ഈ പ്രത്യേകത കൊണ്ടാണ്. അന്യം നിന്നുപോകുന്ന ഔഷധസസ്യങ്ങളെയും നെൽവിത്തുകളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള നിരന്തരമായ അന്വേഷണത്തിനിടയിലാണ് അപൂർവ്വമായ ഇത്തരം ചെടികൾ സംരക്ഷിക്കാൻ അവസരം ലഭിച്ചതെന്ന് ഷിംജിത്ത് പറയുന്നു.