120- 145 കി.മീ വേഗതയ്ക്ക് സാദ്ധ്യത
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട നിവർ ചുഴലി അതിതീവ്ര ചുഴലിക്കൊടുങ്കാറ്റായി ശക്തി പ്രാപിച്ച് സംഹാരശക്തിയോടെ കരയിലേക്ക് നീങ്ങുന്നു. ഇതോടെ തമിഴ്‌നാട്, പുതുച്ചേരി, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലായി. ദേശീയ ദുരന്ത നിവാരണ സേനയുടെ 22 ടീമുകൾ സർവസജ്ജരായി വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
നിവർചുഴലി ഇന്ന് പുലർച്ചെയോടെ 120 മുതൽ 145 വരെ കിലോമീറ്റർ വേഗതയിൽ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിൽ കാരയ്‌ക്കലിനും മാമല്ലപുരത്തിനും ഇടയ്ക്ക് കരയിൽ പ്രഹരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ചെന്നൈയിൽ മഴ രൂക്ഷമായിട്ടുണ്ട്. കൊടുങ്കാറ്റ് കനത്ത നാശം വിതയ്ക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ചെന്നൈ ഉൾപ്പെടെ തമിഴ്നാട്ടിലെ നിരവധി നഗരങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തമിഴ്നാട്ടിലും പുതുച്ചേരിയിലും പൊതു അവധി പ്രഖ്യാപിച്ച സർക്കാരുകൾ ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പുതുച്ചേരിയിലും വൻ നാശങ്ങൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
വെള്ളപ്പൊക്ക ഭീഷണിയിൽ ചെന്നൈ
പേജ്-11
നിവർ:കേരളത്തിന്
ഭീഷണി ഇല്ല
28 വരെ മഴയ്ക്ക് സാദ്ധ്യത
തിരുവനന്തപുരം: നിവർ ചുഴലിക്കൊടുങ്കാറ്റ് കേരളത്തിൽ കാര്യമായ പ്രതിഫലനമുണ്ടാക്കില്ല. എന്നാൽ 28 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജാഗ്രതാ മുന്നറിയിപ്പില്ല. കാലവർഷത്തിന്റെ അവസാന പാദവും തുലാവർഷവും ഇതുവരെ ദുർബലമാണ്. ഏതാനും ആഴ്ചകൾ കൂടി തുലാവർഷമുണ്ടാകും. മഴ കുറഞ്ഞാൽ വരുന്ന വേനൽക്കാലം കേരളത്തിൽ കടുത്തതായിരിക്കും. ജലക്ഷാമവും രൂക്ഷമായിരിക്കും.