sanitary-items

എഡിൻബർഗ്: പാഡുകൾ, ടാംപോണുകൾ തുടങ്ങി എല്ലാ സാനിറ്ററി ഉൽപ്പന്നങ്ങളും സ്ത്രീകൾക്ക് സൗജന്യമായി നൽകാനൊരുങ്ങി സ്കോട്ട്ലൻഡ്. ഇത് സംബന്ധിച്ച് സ്കോട്ടിഷ് പാർലമെന്റ് ഐക്യകണ്ഠേന നിയമം പാസാക്കി. ഇതോടെ സാനിറ്ററി ഉത്പ്പന്നങ്ങൾ സൗജന്യമാക്കുന്ന ആദ്യ രാജ്യമായി സ്കോട്ട്ലൻഡ് മാറി. നിയമപ്രകാരം എല്ലാ പൊതുസ്ഥലങ്ങളിലും കമ്യൂണിറ്റി കേന്ദ്രങ്ങളിലും ക്ലബുകളിലും ഫാർമസികളിലും സ്കൂളുകളിലും കോളജുകളിലും സർവകലാശാലകളിലുമെല്ലാം സാനിറ്ററി ഉത്പ്പന്നങ്ങൾ സൗജന്യമായി ലഭ്യമാക്കും. 8.7 മില്യൺ യൂറോയാണ് ഇതിനായി മാറ്റിവെച്ചത്. പുതിയ തീരുമാനം സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് സ്കോട്ടിഷ് ലേബർ പാർട്ടി വക്താവ് മോണിക്ക ലെന്നോൺ പറഞ്ഞു.